ഡബ്ള്യു ലീഗ് വോളിബാള്‍ കപ്പ് : അല്‍ ഒസ്റ റസ്റ്റോറന്‍റ് ടീമിന് കിരീടം 

ദോഹ: ഫിലിപ്പിനോ ഗ്രൂപ്പ് സംഘാടകരായ നാലാമത് എ ഡിവിഷന്‍ ഡബ്ള്യു ലീഗ് വോളിബാള്‍ കപ്പ് അല്‍ ഒസ്റ റസ്റ്റോറന്‍റ് ടീം സ്വന്തമാക്കി. അല്‍ സദ്ദിലെ അല്‍ അത്വിയ്യ സ്പോര്‍ട്സ് അറീനയില്‍ നടന്ന ഫൈനലില്‍ മറ്റൊരു മലയാളി ടീമും നിലവിലെ ജേതാക്കളുമായ എയര്‍ മാസ്റ്റര്‍ ടീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ ഒസ്റ കീഴടക്കിയത്. സ്കോര്‍: 24-26, 26-24, 22-25, 25-23, 16-14. ഇരു ടീമുകള്‍ക്ക് വേണ്ടിയും അണിനിരന്നത് വോളിഖ് താരങ്ങള്‍ ആയിരുന്നു. 
മുന്‍ സര്‍വീസസ് താരം സെബിന്‍ ജോസഫും യൂനിവേഴ്സിറ്റി താരങ്ങളായ ഫസലും സിന്‍േറായും റെജി മാത്യുവും മിന്നുന്ന കളി പുറത്തെടുത്തപ്പോള്‍ ആദ്യറൗണ്ടിലെ അജയ്യത നിലവിലെ ജേതാക്കളായ എയര്‍ മാസ്റ്റര്‍ താരങ്ങള്‍ക്ക് നില നിര്‍ത്താനായില്ല. 
ഫൈനലിന് മുമ്പ് ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശാക്കിയും മികച്ച ആറു കളിക്കാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട റെനില്‍ ക്രിസ്ത്യനും ആഷിക് അഹമ്മദും ഉള്‍പ്പെട്ട എയര്‍ മാസ്റ്റര്‍ ടീം കലാശക്കളിയില്‍ എതിരാളികളുടെ കുതിപ്പിന് മുന്നില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അടിയറവു പറയുകയായിരുന്നു.
ഓരോ സെറ്റിലും സുന്ദരമായ കളിമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചാണ് ഇരു ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും  നടത്തിയത്. 
ഒടുവിലത്തെ സെറ്റില്‍ 13-11ന് മുന്നിട്ടു നിന്ന എയര്‍ മാസ്റ്റര്‍ ടീമിനെ ഫസലിന്‍െറ ഒരു പിന്‍കോര്‍ട്ട്  ആക്രമണത്തിലൂടെ അല്‍ ഒസ്റ പിടിച്ചുകെട്ടി. അവസാന പോയിന്‍റ് വരെ ഉദ്വേഗം നിറഞ്ഞ കളിക്കൊടുവില്‍ എയര്‍ മാസ്റ്റര്‍ ടീമിന് കപ്പിനും ചുണ്ടിനുമിടക്ക് കിരീടം നഷ്ടപ്പെട്ടത്, അല്‍ ഒസ്റക്ക് ആദ്യറൗണ്ടില്‍ ഏറ്റ തോല്‍വിയുടെ കണക്കുതീര്‍ക്കലായി.
ഫെബ്രുവരി ആദ്യവാരം ആരംഭിച്ച വോളിബോള്‍ കപ്പ് സീസണ്‍ 4 എ ഡിവിഷനില്‍ ആകെ ആറു ടീമുകളാണ് മാറ്റുരച്ചത്. ഫിലിപ്പീന്‍സ് സ്റ്റാര്‍സ് ടീം, ഈജിപ്റ്റ് ഫറോവന്‍സ് ടീം, റെഡ് ആപ്പിള്‍ എ, ബീ ടീമുകള്‍ എന്നിവയായിരുന്നു വോളിഖ് താരങ്ങള്‍ അണിനിരന്ന ഫൈനലിസ്റ്റുകള്‍ക്ക് പുറമെ ഉണ്ടായിരുന്നത്. 

ജേതാക്കള്‍ക്കുള്ള ട്രോഫിയും 1000 ഡോളര്‍ സമ്മാനത്തുകയും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും ടൂര്‍ണമെന്‍റ് കമീഷണര്‍ നൂര്‍ എമീര്‍ സമ്മാനിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.