ദോഹ: അല്‍ ഫുവൈരിത്ത് തീരദേശ മേഖലയില്‍ നടക്കുന്ന ഖനനം, മൂന്ന് നൂറ്റാണ്ട് പിറകിലെ ഖത്തറിന്‍െറ ചരിത്രത്തിലേക്ക് വെളിച്ചംവീശുമെന്ന് കരുതുന്നതായി യൂനിവേഴ്സിറ്റി കോളജ് ലണ്ടന്‍-ഖത്തര്‍ (യു.സി.എല്‍.ക്യു) ഗവേഷകര്‍. രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ മേഖലയില്‍ താമസമാക്കുകയും മുത്തുവാരലിലൂടെ ഉപജീവനം നയിക്കുകയും ചെയ്ത പഴയകാല ജനതയുടെ താമസകേന്ദ്രമെന്ന് കരുതപ്പെടുന്ന മേഖലയില്‍ യു.സി.എല്‍ പുരാവസ്തു വകുപ്പാണ് ചരിത്രശേഷിപ്പുകള്‍ക്കായി ഖനനം നടത്തുന്നത്. ഇവിടെ താമസിച്ചവര്‍ പിന്നീട് ദോഹയിലേക്ക് മാറിയെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ പരീക്ഷണാര്‍ഥം ഖനനം നടത്തിയ ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ശേഷിപ്പുകളാണ് ലഭിച്ചത്. 18ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന മണ്‍പാത്രങ്ങള്‍ ഇവിടെനിന്ന് ലഭിച്ചു. ചൂടുകുറയുന്ന നവംബര്‍ മാസത്തോടെ ഖനനം പുനരാരംഭിക്കാനാണ് ഇവരുടെ ശ്രമം. ഇതോടെ ഇവിടെ ജീവിച്ച ഖത്തറിലെ പഴയകാല ജനതയുടെ ജീവിതം ചുരുളഴിയുമെന്നാണ് പ്രതീക്ഷ. ഖത്തര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന 30 ലക്ഷം റിയാലിന്‍െറ ധനസഹായത്തോടെയാണ് യു.സി.എല്‍ പുരാവസ്തു വകുപ്പ് ‘ദോഹയുടെയും ഖത്തറിന്‍െറയും ഉല്‍ഭവം’ എന്ന ഖനന പദ്ധതി നടപ്പാക്കുന്നത്. മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ളതാണ് ഖനന പദ്ധതി.
18 മുതല്‍ 20ാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ നാല് കാലഘട്ടങ്ങളിലായി ഫുവൈരിത്തില്‍ ഗ്രാമങ്ങള്‍ നിലനിന്നിരുന്നതായി യു.സി.എല്‍ ഖത്തര്‍ അറേബ്യന്‍ മിഡില്‍ ഈസ്റ്റ് പ്രൊഫസര്‍ ആര്‍ക്കിയോളജി ഡോ. റോബര്‍ട്ട് കാര്‍ട്ടര്‍ പറഞ്ഞു. 19ാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ആല്‍ഥാനി കുടുംബങ്ങളുടെ പ്രധാനവാസകേന്ദ്രമായിരുന്നു ഇവിടെയെന്നാണ് കരുതുന്നത്.
1760കളില്‍ സുബാറയുടെ സ്ഥാപനത്തിന് മുമ്പേ ഫുവൈരിത്ത് പിറവികൊണ്ടിരുന്നോ എന്നും ചരിത്രകാരന്മാര്‍ അന്വേഷിക്കുന്നുണ്ട്. യുനസ്കോ ലോക പൈതൃകങ്ങളുടെ ഭാഗമായ സുബാറ കേന്ദ്രം കുവൈത്തില്‍ നിന്ന് വന്ന കച്ചവടക്കാര്‍ സ്ഥാപിച്ചതാണ്. മുത്തുവ്യാപാരത്തിന്‍െറ പ്രധാന കേന്ദ്രമായാണ് ഇത് അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.