സിറിയന്‍ ജനതക്ക് 10 ലക്ഷം റിയാല്‍  സംഭാവന ചെയ്ത് മുന്‍ ആഭ്യന്തരമന്ത്രി

ദോഹ: സിറിയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും വലിയ വ്യക്തിഗത സംഭാവന ലഭിച്ചതായി ഖത്തര്‍ റെഡ്ക്രസന്‍റ്. ഖത്തര്‍ മുന്‍ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനിയാണ് റെഡ്ക്രസന്‍റിന്‍െറ മെഡിക്കല്‍ സഹായ നിധിയിലേക്ക് 10 ലക്ഷം റിയാല്‍ സംഭാവന ചെയ്തത്. 1972 മുതല്‍ 1989 വരെ രാജ്യത്തിന്‍െറ ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. 
തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ദര്‍കുഷ് നഗരത്തിലുള്ള ഹെല്‍ത്ത് കെയര്‍ സെന്‍ററിന്‍െറ പുനര്‍നിര്‍മാണത്തിനായി ഈ തുക വിനിയോഗിക്കുമെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് വ്യക്തമാക്കി. 70,000ത്തിലധികം ജനസംഖ്യയുള്ള സ്ഥലത്ത് ഇതൊരു പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി മാറ്റാനാണ് ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി പദ്ധതിയിടുന്നത്. പീഡിയാട്രിക്, ഇന്‍േറണല്‍ മെഡിസിന്‍, ഗൈനക്കോളജി, ദന്തരോഗ വിഭാഗം, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ് തുടങ്ങി നിരവധി മെഡിക്കല്‍ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഖത്തര്‍ റെഡ്ക്രസന്‍റിന് ലഭിച്ച ഭീമന്‍ സംഭാവന കൊണ്ട് ആശുപത്രി പുനര്‍നിര്‍മിക്കാനും ഏഴ് മാസത്തോളം പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്ന് റെഡ്ക്രസന്‍റ് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു. 
വര്‍ഷത്തില്‍ 18 മില്യന്‍ റിയാലാണ് ഖത്തര്‍ റെഡ്ക്രസന്‍റിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍ത്ത് കെയര്‍ സെന്‍ററിനായി ചെലവഴിക്കുന്നത്. 2011ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം സിറിയയില്‍ നിരവധി അടിസ്ഥാന സൗകര്യങ്ങളാണ് തകര്‍ന്നിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി നിരവധി മേഖലകളെ പ്രതികൂലമായി ബാധിക്കാന്‍ ഇത് കാരണമായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.