‘ഫോക്കസ് ഓണ്‍ ഖത്തര്‍’ ചലചിത്രമേള ഇന്ന് മുതല്‍

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (ഡി.എഫ്.ഐ) ‘ഫോക്കസ് ഓണ്‍ ഖത്തര്‍’ ചലച്ചിത്രമേളക്ക് ഇന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ തുടക്കമാകും. ഉദ്ഘാടന ചിത്രമായി ഖത്തറിന്‍െറ ആദ്യ ഫീച്ചര്‍ സിനിമയായ ‘ക്ളോക്ക്വൈസ്’ പ്രദര്‍ശിപ്പിക്കും. 2010ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഖലീഫ അല്‍ മുറൈഖിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണ്. പഴയകാല ഫിജിരി നാടോടി സംഗീതത്തിന്‍െറ കഥയാണ് ചിത്രത്തിന്‍െറ പ്രമേയം. 
അമാനുഷികമായി ലഭിച്ച സംഗീത സിദ്ധിക്കൊണ്ട് പ്രശസ്തരാവുന്ന ആതിഖും വളര്‍ത്തു മകന്‍ സാദിനെയും ചുറ്റിപ്പറ്റിയാണ് സിനിമ. അറബ് ക്യാപിറ്റല്‍ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമായി 2010ലാണ് സിനിമയുടെ പ്രഥമ പ്രദര്‍ശനം നടന്നത്. ശേഷം പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ‘ഫോക്കസ് ഓണ്‍ ഖത്തര്‍’ ചലച്ചിത്രമേളയിലെ ആദ്യചിത്രമായ ‘ക്ളോക്വൈസി’ന് ഇത് അഞ്ചാംവാര്‍ഷികം കൂടിയാണ്. പ്രദര്‍ശനത്തിന് മുന്നോടിയായി ഖത്തറിലെ സിനിമ ചരിത്രത്തെക്കുറിച്ചുള്ള അവലോകനവും ഉണ്ടാകും. 
മൂന്ന് ദിവസം നീളുന്ന ചലച്ചിത്രമേളയില്‍ അഞ്ച് വര്‍ഷങ്ങളിലായി രാജ്യത്തെ സിനിമ സംസ്കാരത്തിന് സംഭാവനകളര്‍പ്പിച്ച മഹാരഥന്മാരുടെ ചിത്രങ്ങളും ഖത്തറിലെ പ്രാദേശിക സിനിമ വ്യവസായത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ടാവും. കൂടാതെ ‘നെസ്റ്റ് ജനറേഷന്‍ ഷോര്‍ട്ട് ഫിലിം പ്രോഗ്രാം’, ‘ഇന്നവേഷന്‍ ഫിലിം ഷോക്കേസ്’ എന്നീ വിഭാഗങ്ങളും പ്രദര്‍ശന പരിപാടിയുടെ ഭാഗമായി അരങ്ങേറും. 
അഞ്ചുവര്‍ഷത്തിനിടെ നിര്‍മിച്ച ഖത്തറിലെ സ്വതന്ത്ര സിനിമ നിര്‍മാതാക്കളുടെ ഹ്രസ്വ ചിത്രങ്ങളാണ് വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കുക. ഇതില്‍ 10%, ടിംസാ, അറ്റാക്ക് ഓഫ് ദ ഹെല്‍ത്ത് ഇന്‍വേഡേര്‍സ്, അംറീക്കാ ലാ, അല്‍ കോറ, മൈ ഹീറോ, ദ റൈസര്‍, മൈ ഗ്രാന്‍റ് ഫാദേഴ്സ് പാസ്റ്റ് ത്രു മൈ ഐസ്, മൊലോകിയഫോബിയ, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ലാന്‍റ് ഓഫ് പേള്‍സ് തുടങ്ങിയ സിനിമകളുണ്ടാകും. 
ഇന്നവേഷന്‍ സിനിമകളുടെ പട്ടികയില്‍ ഖത്തര്‍ സിനിമ നിര്‍മാണ കമ്പനിയുടെ സിനിമകള്‍ക്കായിരിക്കും പ്രാമുഖ്യം. ഇവയില്‍ ലോക്ഡൗണ്‍, റെഡ് മൂണ്‍ എസ്കേപ്പ്, ബിദൂന്‍, ടീ ബോയ്, ആന്‍റ് ഐ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. വ്യാഴവും വെള്ളിയും നടക്കുന്ന പാനല്‍ ചര്‍ച്ചകളില്‍  ഖത്തറിലെ പ്രാദേശിക സിനിമ നിമാതാക്കളും സിനിമാ വ്യവസായത്തിലെ പ്രമുഖ വ്യക്തിത്വകളും പങ്കെടുക്കും ‘മീറ്റ് ദ പ്രൊഡക്ഷന്‍ ഹൗസസ്’, ‘ഹൗ ടു ഡിസ്ട്രിബ്യൂട്ട് യുവര്‍ ഫിലിം’ തുടങ്ങിയ പരിപാടികളുമുണ്ടാകും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.