ഖത്തര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്‍റര്‍- അല്‍ ജസീറ ധാരണ

ദോഹ: വിവരകൈമാറ്റത്തിനും പരസ്പര സഹകരണത്തോടെ ഡിജിറ്റല്‍ മീഡിയാ രംഗത്ത് വിജയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഖത്തര്‍ ബിസിനസ് ഇന്‍കുബേറ്റര്‍ സെന്‍ററും അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ലോകത്തിലെ മികച്ച മാധ്യമസ്ഥാപനമായ അല്‍ ജസീറ നെറ്റ്വര്‍ക്ക് ക്യു.ഐ.ബി.സിയുമായി ചേരുന്നതോടെ മാധ്യമ സാങ്കേതിക രംഗത്ത് വന്‍കുതിപ്പിന് കാരണമാകും. 
കരാര്‍ പ്രകാരം ക്യു.ഐ.ബി.സിയും അല്‍ ജസീറയും നിരവധി പുതിയ സംരംഭങ്ങള്‍ക്കായി പരസ്പരം സഹകരിച്ച് മുന്നേറും. വിവിധ തരം പരിശീലന പരിപാടികളും മാര്‍ഗനിര്‍ദേശക പരിപാടികളും വിവിധ സേവനങ്ങളും ധാരണയില്‍ ഉള്‍പ്പെടും. സാമ്പത്തിക പിന്തുണക്കായി ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. ഖത്തര്‍ കേന്ദ്രീകൃത കമ്പനികളെയും സിലിക്കണ്‍വാലിയെയും ബന്ധിപ്പിക്കുന്നതിനായി ദോഹയിലും സാന്‍ഫ്രാന്‍സിസ്കോയിലും ഇന്നവേറ്റീവ് ഹബുകള്‍ സ്ഥാപിക്കുന്നതിന് അല്‍ ജസീറ മുന്‍കൈയെടുക്കും. അല്‍ ജസീറയുമായുള്ള പുതിയ ധാരണാപത്രം മാധ്യമ സംബന്ധിയായ പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും യാഥാര്‍ഥ്യമാക്കുന്നതിനും സഹായിക്കുമെന്ന് ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക് സി.ഇ.ഒയും  ക്യു.ഐ.ബി.സി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ പറഞ്ഞു. 100 ദശലക്ഷം വരുന്ന പുതിയ കമ്പനികളുടെ സൃഷ്ടിയാണ് ക്യു.ഐ.ബി.സിയുടെ ലക്ഷ്യമെന്നും ഇതില്‍ അല്‍ ജസീറയുടെ പങ്ക് വളരെ വലിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഡിജിറ്റല്‍ മീഡിയ രംഗത്ത് പുതിയ രൂപം നല്‍കുന്നതിനായി ഗവേഷണത്തിനും മറ്റും അല്‍ ജസീറ വലിയതോതില്‍ മുതല്‍ മുടക്കുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. യാസര്‍ ബിശ്ര്‍ പറഞ്ഞു. മിഡീലീസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും ഏറ്റവും വലിയ മിക്സഡ് ബിസിനസ് ഇന്‍കുബേറ്ററാണ് ക്യു.ഐ.ബി.സി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.