സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അല്‍ റയ്യാന്‍ നഗരം

ദോഹ: ആഭ്യന്തര യുദ്ധത്തില്‍ കടുത്ത ദുരിതത്തിലായ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ഖത്തര്‍ ചാരിറ്റി സിറിയന്‍ തുര്‍ക്കി അതിര്‍ത്തിയില്‍ റയ്യാന്‍ നഗരം പണിയുന്നു. തുര്‍ക്കിയിലെ മനുഷ്യാവകാശ -ദുരിതാശ്വാസ സംഘടനകളുമായി സഹകരിച്ച് സിറിയന്‍ അഭയാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന റെസിഡന്‍ഷ്യന്‍ നഗരത്തിന്‍െറ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. വരുന്ന നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഖത്തര്‍ ചാരിറ്റി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
ആയിരത്തോളം താമസ യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന റയ്യാന്‍ നഗരത്തിന് 40 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്. അതിര്‍ത്തിയില്‍ വരുന്ന നഗരത്തിന് 7,000 ആളുകളെ സ്വീകരിക്കാനുള്ള വിസ്തൃതിയുണ്ട്. പദ്ധതി പ്രദേശം ഖത്തര്‍ ചാരിറ്റി പ്രതിനിധികളും തുര്‍ക്കി മനുഷ്യാവകാശ-സ്വാതന്ത്ര്യ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ള കമ്പനിയുമായി സംഘടന പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ നിര്‍മാണ പൂര്‍ത്തീകരണം എത്രയും പെട്ടെന്ന് നടത്തേണ്ടതിന്‍െറ ആവശ്യകത കമ്പനിയെ ബോധ്യപ്പെടുത്തിയതായി അവര്‍ വ്യക്തമാക്കി.  ആയിരങ്ങള്‍ക്ക് തണലേകാന്‍ കഴിയുന്ന ഖത്തര്‍ ചാരിറ്റി പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ സന്ദര്‍ശനത്തിലൂടെ ലഭിച്ചതായി ഖത്തര്‍ ചാരിറ്റിക്ക് വേണ്ടി അന്താരാഷ്ട്ര വികസന അതോറിറ്റി ഡയറക്ടര്‍ ഇബ്രാഹിം സനീല്‍ പറഞ്ഞു. ഈ മാതൃക നഗരത്തില്‍ പത്ത് ഗ്രാമങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ഓരോ ഗ്രാമത്തിലും നൂറ് താമസ യൂനിറ്റുകള്‍ ഉണ്ടാകും. ഒരു ഗ്രാമത്തിനാവശ്യമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും റയ്യാന്‍ നഗരത്തില്‍ അഭയാര്‍ഥികള്‍ക്കായി ഒരുക്കും. ഖത്തര്‍ ചാരിറ്റി മാത്രം പദ്ധതിക്കായി 33 ദശലക്ഷം റിയാലാണ്  ചെലവഴിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.