വൈകല്യമുള്ളവര്‍ക്കായി വക്റ ആശുപത്രിയില്‍ പ്രത്യേക ദന്തരോഗ വിഭാഗം

ദോഹ: രാജ്യത്ത് ആദ്യമായി വൈകല്യമുള്ളവര്‍ക്കായി ദന്തരോഗ പരിചരണ വിഭാഗം തുറന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള വക്റ ആശുപത്രിയിലാണ് ആദ്യമായി വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ദന്തപരിചരണ വിഭാഗം തുറന്നത്. 
മിഡില്‍ ഈസ്റ്റില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ക്ളിനിക്ക് തുറക്കുന്നതെന്നും വൈകല്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാവിധ ചികികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്ന് അല്‍ വക്റ ആശുപത്രിയിലെ ദന്തരോഗ വിഭാഗം തലവനും പീഡിയാട്രീഷ്യനുമായ ഡോ. അബ്ദുല്‍ ഹകീം അഹ്മദ് അല്‍യാഫി പറഞ്ഞു. രോഗികള്‍ക്കാവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും മറ്റ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ടതില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് കണ്‍സള്‍ട്ടന്‍റുമാരും രണ്ട് സ്പെഷ്യലിസ്റ്റുകളുമടങ്ങുന്ന ടീമിനെ തന്നെ പുതുതായി തുറന്ന ദന്തരോഗ വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്. 
വായ് സംബന്ധമായതും ദന്ത സംബന്ധവുമായ എല്ലാ ചികിത്സയും ലഭ്യമാണെന്നും ഇതിനായി പ്രത്യേക വിഭാഗം തന്നെ ആശുപത്രിയില്‍ സജ്ജമാക്കിയതായും ഡോ. അല്‍യാഫി പറഞ്ഞു. വൈകല്യമുള്ളവരുടെ ദന്തപരിചരണത്തിനായി ഖത്തറിലെ വിവിധ സ്കൂളുകളുമായി സഹകരിച്ച് പദ്ധതി ആലോചിച്ചു വരികയാണെന്ന് അല്‍ വക്റ ആശുപത്രിയിലെ ഡോ. ഉഹൂദ് അല്‍ കുവാരി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.