ഖത്തര്‍ ഗ്യാസിന് അമേരിക്കന്‍ സുരക്ഷ ഏജന്‍സിയുടെ അംഗീകാരം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദകരായ ഖത്തര്‍ ഗ്യാസിന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ അംഗീകാരം. ഖത്തര്‍ ഗ്യാസിന്‍െറ അടിയന്തര അഗ്നിശമന-സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് (ഫയര്‍ ആന്‍റ് റെസ്ക്യൂ എമര്‍ജന്‍സി മാനേജ്മെന്‍റ് സര്‍വീസസ് -ഇ.എം.എസ്) ഈ രംഗത്തെ അതികായരായ അമേരിക്കയുടെ സെന്‍റര്‍ ഫോര്‍ പബ്ളിക് സേഫ്റ്റി എക്സലന്‍സ് (സി.പി.എസ്.ഇ) അംഗീകാരം ലഭിക്കുന്നത്. 
സി.പി.സി.ഇയുടെ  കര്‍ക്കശമായ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് നിരന്തര പരിശോധനയിലൂടെ തെളിയിക്കപ്പെട്ടതിന് ശേഷമാണ് ഖത്തര്‍ ഗ്യാസിന് ഈ പദവി ലഭിക്കുന്നത്. മിഡില്‍ഈസ്റ്റില്‍ ഈ പദവി ലഭിക്കുന്ന ആദ്യ കമ്പനിയാണ് ഖത്തര്‍ ഗ്യാസിന്‍െറ ഇ.എം.എസ് വിഭാഗം. ലോകത്ത് അംഗീകാരം ലഭിച്ച 218 ഇ.എം.എസ് ശാഖകളില്‍  ഇനി ഖത്തര്‍ ഗ്യാസ് ഇ.എം.എസും ഉള്‍പ്പെടും. സുരക്ഷ മേല്‍നോട്ട അംഗീകാര സമിതിയില്‍ അമേരിക്കയുടെ സി.പി.എസ്.ഇക്ക് മാത്രമാണ് ഇത്തരമൊരു അംഗീകാരം നല്‍കാന്‍ യോഗ്യതയുള്ളത്.  അമേരിക്കന്‍ ഡിഫന്‍സ് കൗണ്‍സില്‍ അംഗങ്ങളടക്കമുള്ള 11 അംഗ സമിതിയാണ് സി.പി.എസ്.ഇക്ക് മേല്‍നോട്ടം വഹിക്കുന്നത്. 
അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഗ്യാസ് ഇ.എം.എസ് ആന്‍റ് സെക്യൂരിറ്റി മാനേജര്‍ ഹസ്സന്‍ ജാസിം അബൂ ഖാമിസ് അംഗീകാരം ഏറ്റുവാങ്ങി. ഇതുമായി ബന്ധപ്പെട്ട നാലുവര്‍ഷത്തെ സുപ്രധാന പ്രമാണങ്ങളും രേഖകളും ഹാജരാക്കുന്നതോടൊപ്പം സി.പി.എസ്.ഇ നിര്‍ദേശിച്ച മാനദണ്ഡങ്ങളനുസരിച്ചുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു. മുഖാമുഖം നടക്കുന്ന ചര്‍ച്ചകളില്‍ ഗുണമേന്മ സംവിധാനം വിശദീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനം. 
ഖത്തര്‍ ഗ്യാസിന്‍െറ ദോഹയിലെ കേന്ദ്ര ഓഫീസിലും റാസ്ലഫാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും ഉല്‍പാദന കേന്ദ്രത്തിലും ഏജന്‍സി നേരത്തെ വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.