ലുസൈല്‍ സ്റ്റേഡിയത്തിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ദോഹ: 2022 ലോക കപ്പ് ഫുട്ബാളിന്‍െറ ഉദ്ഘാടന-സമാപന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്‍െറ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. മധ്യപൗരസ്ത്യദേശത്തെ ആദ്യ ഫുട്ബാള്‍ ലോകകപ്പിന്‍െറ പ്രധാന വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തിന് ഖത്തറിന്‍െറ പാരമ്പര്യവും സംസ്കാരവും സംയോജിക്കുന്ന രൂപകല്‍പനയായിരിക്കുമെന്ന് പദ്ധതി നിര്‍വഹണ വിഭാഗം ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി (എസ്.സി.ഡി.എല്‍) ഡയറക്ടര്‍ മുബാറക് അല്‍ ഖുലൈഫി അറിയിച്ചു. ദോഹയുടെ വടക്കുഭാഗത്തായി ഒരു ദശലക്ഷത്തോളം ചതുരശ്ര മീറ്റര്‍ പരന്നുകിടക്കുന്ന ലുസൈല്‍ സിറ്റിയില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ഓഫീസും അനുബന്ധ കെട്ടിടങ്ങളും അഞ്ചുകിലോമീറ്ററോളം നീളത്തില്‍ പരസ്യപ്പലക ഉള്‍പ്പെടെയുള്ള ആദ്യഘട്ട ജോലികളാണ് ആരംഭിച്ചത്. സ്റ്റേഡിയത്തിന്‍െറ ഡിസൈന്‍ രൂപകല്‍പനക്ക് അംഗീകാരം ലഭിച്ചതായും എന്നാല്‍, അവസാന ഡിസൈന്‍ അടുത്തവര്‍ഷമേ പുറത്തുവിടൂ എന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തിന് 80,000 ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാകും. ലോകം  ഉറ്റുനോക്കുന്ന മല്‍സരങ്ങളുടെ നാഴികക്കല്ലായിരിക്കും ലുസൈല്‍ സ്റ്റേഡിയം. 
ബ്രിട്ടീഷ് വാസ്തുശില്‍പികളായ ഫോസ്റ്റര്‍ ആന്‍റ് പാര്‍ട്ണേഴ്സ് ആണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2016ഓടെ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകും. ലോകകപ്പിന് വേണ്ടി നിര്‍മാണം തുടങ്ങുന്ന ആറാമത്തെ സ്റ്റേഡിയമാണ് ലുസൈല്‍ സ്റ്റേഡിയം. അല്‍ വക്റ, അല്‍ ഖോര്‍, ഖലീഫ സ്റ്റേഡിയം അല്‍ വാബ്, എജുക്കേഷന്‍ സിറ്റി, അല്‍ റയ്യാന്‍ എന്നിവയാണ് മറ്റുള്ളവ. ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് വെസ്റ്റ് ബേയിലും, ഹമദ് ഇന്‍റര്‍നാഷനല്‍ എയര്‍ പോര്‍ട്ടിനടുത്തും മറ്റു രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി പണിയുമെന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു എന്നാല്‍, പിന്നീട് ഒൗദ്യോഗിക സ്ഥരീകരണമുണ്ടായിട്ടില്ല. 2022 ലോകകപ്പ് വേദിക്കുള്ള ലേലത്തില്‍ ലോകകപ്പിനായി 12 സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും എന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എത്രയെണ്ണം നിര്‍മിക്കുമെന്ന അന്തിമ തീരുമാനം ഈവര്‍ഷം അവസാനമേ ഉണ്ടാവൂ. ഫിഫയുടെ മാനദണ്ഡമനുസരിച്ച് 64 അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി എട്ടോളം സ്റ്റേഡിയങ്ങള്‍ സജ്ജമാകേണ്ടതുണ്ട്. 
നിര്‍മാണ പ്രവര്‍ത്തികളും വിവിധ ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികളുടെ ക്ഷേമവും കുറ്റമറ്റ രീതിയില്‍ നിരീക്ഷിക്കുന്നുണ്ടെന്നും നാലു ഘട്ടങ്ങളിലായുള്ള കണക്കുപരിശോധനകള്‍ നിലവിലുണ്ടെന്നും കമ്മിറ്റി അറിയിച്ചു. സമീപത്തെ ലുസൈല്‍സിറ്റിമായി ഐക്യപ്പെട്ടുപോകുന്ന രീതിയിലുള്ള രൂപരേഖയാണ് സ്റ്റേഡിയത്തിന്‍േറതന്നും മുനിസിപ്പാലിറ്റിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.