ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഭാരവാഹികള്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുമായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ വര്‍ത്തമാന തൊഴില്‍ സാഹചര്യങ്ങള്‍ പ്രതിനിധികള്‍ മന്ത്രിയുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്‍െറ ഭാഗത്ത് നിന്ന് പ്രവാസികള്‍ക്ക് അനുഭാവപരമായ നടപടികളുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.സി. അബ്ദുല്ലത്തീഫിന്‍െറ നേതൃത്വത്തിലാണ് പ്രതിനിധിസംഘം മന്ത്രിയെ കണ്ടത്.
പുതിയ തൊഴില്‍ പരിഷ്കരണം എല്ലാ തരത്തിലും പ്രവാസികള്‍ക്ക് അനുകൂലമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിനും ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്കിടയില്‍ നിയമം സംബന്ധിച്ച ബോധവല്‍കരണം നടത്തുന്നതിനും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍െറ പിന്തുണ മന്ത്രി ആവശ്യപ്പെട്ടു. നിയമം സംബന്ധിച്ച ബോധവല്‍കരണത്തിന് ലേബര്‍ ക്യാമ്പുകളിലടക്കം മുഴുവന്‍ പ്രവാസികള്‍ക്കിടയിലും ഇംഗ്ളീഷ്, ഹിന്ദി, ഉര്‍ദു, മലയാളം തുടങ്ങിയ ഭാഷകളില്‍ ലഘുലേഖ വിതരണം ചെയ്യുമെന്നും അല്‍ ഖുലൈഫി അറിയിച്ചു. തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ചര്‍ച്ചയില്‍ ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു. ദഫ്നയിലെ തൊഴില്‍ മന്ത്രാലയം ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റ്  കെ.സി അബ്ദുല്ലത്തീഫിന് പുറമെ ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ കൂടിയാലോചന സമിതി അംഗങ്ങളായ എം. മുഹമ്മദലി, സി.എച്ച്. നജീബ് എന്നിവരും സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.