സ്വന്തം കറന്‍സിയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടംകൊയ്ത് പ്രവാസികള്‍

ദോഹ: ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കിലുണ്ടായ മുരടിപ്പും ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതും നേട്ടമാക്കി പ്രവാസികള്‍. ഖത്തര്‍ റിയാലുമായുള്ള രൂപയുടെയും മറ്റു രാജ്യങ്ങളിലെ കറന്‍സികളുടെയും വിനിമയ നിരക്കിലെ വന്‍ ഇടിവാണ്് പ്രവാസികള്‍ക്ക് നേട്ടമായത്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് ഏറ്റവും നല്ല വിനിമയ നിരക്കാണാണ് ഇന്ത്യന്‍ രൂപക്കും ഖത്തറിലെ പ്രമുഖ പ്രവാസി സമൂഹമായ ഫിലിപ്പീന്‍സ്, നേപ്പാള്‍, ഈജിപ്ത് തുടങ്ങിയവയുടെ കറന്‍സികള്‍ക്കും.  ഇതുമൂലം പ്രമുഖ എക്സ്ചേഞ്ച് സെന്‍ററുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 
കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ റിയാലുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 17.08 രൂപയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളിലായി 1.14  രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിനുണ്ടായത്.  പ്രമുഖ എക്സ്ചേഞ്ച് സെന്‍ററില്‍ ഖത്തര്‍ റിയാലുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇപ്പോള്‍ 18.22 ല്‍ എത്തിനില്‍ക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  6.7 ശതമാനം ഇടിവാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ രേഖപ്പെടുത്തിയ രൂപയുടെ വിനിമയ നിരക്കിലെ മൂല്യത്തകര്‍ച്ചയുടെ തോത്. 
കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലൊന്നായ നേപ്പാളി രൂപ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചിലെ വിനിമയ നിരക്കായ 27.18 ല്‍നിന്നും ഇപ്പോള്‍ 29.15 രൂപയില്‍ എത്തിനില്‍ക്കുന്നു കറന്‍സിയുടെ മൂല്യം. പിലിപ്പീന്‍സ് പെസോയുടെ നിരക്കാകട്ടെ  മാര്‍ച്ചിലെ 12.11ല്‍നിന്നും 12.84ലത്തെി.  6 ശതമാനം മൂല്യശോഷണമാണ് പെസോയിലുണ്ടായ അന്തരം. ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ വേഗക്കുറവ് കണക്കിലെടുത്ത് പ്രമുഖ രാജ്യങ്ങള്‍ തങ്ങളുടെ വിദേശ മൂലധനം അമേരിക്കന്‍ വിപണികളില്‍ നിക്ഷേപിച്ചതും ചൈനീസ് കറന്‍സിയായ ‘യുവാ’ന്‍െറ മൂല്യം കുറച്ചതുമാണ് വിനിമയ നിരിക്കിലെ ഇടിവിന് പ്രധാന കാരണമെന്ന് പ്രമുഖ കറന്‍സി ഏജന്‍സിയായ അല്‍ സമാന്‍ എക്സ്ചേഞ്ചിന്‍െറ ഓപറേഷന്‍ ഡയറക്ടര്‍ സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ പ്രതികരിച്ചു. ചൈന ഇനിയും തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറച്ചേക്കാമെന്നും വിനിമയ നിരക്കില്‍ ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
വിനിമയ നിരക്കിലെ ഗണ്യമായ മാറ്റം നേട്ടമാക്കി മാറ്റുകയാണ് മിക്ക പ്രവാസികളും. വിനിമയ നിരക്കിലെ ചെറിയ മാറ്റങ്ങള്‍ പോലും തങ്ങള്‍ക്ക് അധിക വരുമാനമായാണ് ഇവര്‍ കരുതുന്നത്. താരതമ്യേന കുറഞ്ഞ വേതനം കൈപ്പറ്റുന്ന രാജ്യക്കാരായ നേപ്പാളികള്‍ക്ക് മാര്‍ച്ചില്‍ 1 റിയാലിന് 27.18 രൂയുണ്ടായിരുന്ന സ്ഥാനത്ത്  ഇപ്പോള്‍ ലഭിക്കുന്നത് 29 രൂപയാണ്. പാകിസ്താന്‍ രൂപക്ക് ഒരു റിയാലിന് 28.59 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. എന്നാല്‍, മാര്‍ച്ച് ആദ്യവാരം ഇത് 27.98 രൂപയായിരുന്നു. ശ്രീലങ്ക, ഈജിപത് തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികള്‍ക്കും കാര്യമായ ഇടിവ് നേരിട്ടിരുന്നു. ഈജിപത് പൗഡിന്‍െറ മാര്‍ച്ചിലെ 2.09 ന്‍െറ വിനിമയ നിരക്കില്‍നിന്ന്ഇപ്പോള്‍ 2.15 എത്തിനില്‍ക്കുന്നു. എങ്കിലും ബംഗ്ളാദേശ് കറന്‍സിയായ ടാക്കയുടെയും യൂറോപ്യന്‍ കറന്‍സിയായ യൂറോയുടെ മൂല്യം സ്ഥിരതയില്‍ തന്നെ നില്‍ക്കുന്നു. 
റമദാനിന് ശേഷമുള്ള മാസങ്ങളില്‍ നാട്ടിലേക്ക് പണമയാക്കുന്നവരുടെ തിരക്ക് പൊതുവെ കുറയാറാണ് പതിവ്. പക്ഷേ, വിനിമയ നിരക്കിലെ നേട്ടംകൊയ്യാന്‍ ഈ ഓഗസ്റ്റ് മാസം പണമയക്കുന്ന പ്രവാസികളുടെ തോതില്‍ വന്‍ വര്‍ധനയാണ് കാണിക്കുന്നതെന്ന് പ്രമുഖ വിനിമയ ഏജന്‍സിയുടെ മാനേജര്‍ പറഞ്ഞു. ലോക ബാങ്കിന്‍െറ കണക്ക് പ്രകാരം ഖത്തറില്‍നിന്നുള്ള പണമൊഴുക്ക് 2014ല്‍ 10 ബില്യന്‍ റിയാലാണ്. യു.എസ്. ഡോളറുമായുള്ള വിനിമയത്തില്‍ മറ്റു രാജ്യങ്ങളുടെ കറന്‍സികളില്‍ വന്‍ ഇടിവാണ് ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കിലുണ്ടായ  പ്രതിസന്ധി കാരണമാകുന്നത്. പ്രമുഖ ഉല്‍പാദക രാജ്യമായ ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദിഗതിയിലായതും മറ്റു രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞമാസം ഒറ്റത്തവണ മാത്രം ചൈനീസ് കറന്‍സിയായ യുവാന്‍െറ മുല്യം രണ്ട് ശതമാനം കണ്ട് കുറച്ചത് മറ്റു രാജ്യങ്ങളിലെ കറന്‍സികളിലെ മൂല്യത്തകര്‍ച്ചക്കും കാരണമായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.