മംവാഖ് മാപ്പിളപ്പാട്ട് മഹോത്സവം സംഘടിപ്പിക്കുന്നു

ദോഹ: മാപ്പിളപ്പാട്ട് രംഗത്തെ ജനപ്രിയരായ 20 ഗായകരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ രണ്ടിന് ദോഹയില്‍ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്ന് മംവാഖ് (മലപ്പുറം ജില്ല മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘പാട്ട് മഹോത്സവം’ എന്ന പേരില്‍ അല്‍ അറബി വോളിബാള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്രഗത്ഭരായ അഞ്ച് പേരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധികര്‍ത്താക്കളായി എത്തുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, മിഡില്‍സോണ്‍ എന്നിങ്ങനെ ഗായകരെ അഞ്ച് ടീമുകളായി തിരിച്ചാണ് മത്സരം. വിളയില്‍ ഫസീല, ഐ.പി. സിദ്ധീഖ്, താജുദ്ദീന്‍ വടകര, ആര്യ മോഹന്‍ദാസ് എന്നിവര്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഫിറോസ് ബാബു, എം.എ. ഗഫൂര്‍, ഫാരിഷ ഹുസൈന്‍, റിനു റസാഖ്(മലപ്പുറം), മുഹമ്മദലി കണ്ണൂര്‍, നിസാം തളിപ്പറമ്പ്, ബെന്‍സീറ, സനിത (കണ്ണൂര്‍), അശ്റഫ് പയ്യന്നൂര്‍, കുഞ്ഞുഭായ്, ഫാത്തിമ തൃക്കരിപ്പൂര്‍, നസീബ (കാസര്‍കോട്), യൂസുഫ് കാരക്കാട്, ഷമീര്‍ ചാവക്കാട്, ഫാരിഷ, റിജിയ (മിഡില്‍ സോണ്‍) എന്നിവര്‍ വിവിധ സോണുകളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കും. മാപ്പിളപ്പാട്ട് രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വി.എം. കുട്ടി, മൂസ എരഞ്ഞോളി, ഒ.എം. കരുവാരക്കുണ്ട്, റംല ബീഗം, സിബല്ല സദാനന്ദന്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ബാപ്പു വെള്ളിപ്പറമ്പ്, ഫൈസല്‍ എളേറ്റില്‍ എന്നിവരെ പരിപാടിയില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. പ്രവാസി ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ ഗായകരെ ഒരേ വേദിയില്‍ അണിനിരത്തി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി. ടിക്കറ്റ് മുഖേനയായിരിക്കും പ്രവേശനം. മത്സരത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മംവാഖ് പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകര, വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി എന്‍.കെ.എം. ഷൗക്കത്തലി, കെ. ഹുസൈന്‍, എ. സുഹൈല്‍, ഉസ്മാന്‍ കല്ലന്‍, ടി. മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.