ഗസ്സയില്‍ കുടിവെള്ള പദ്ധതിയുമായി ഖത്തര്‍ ചാരിറ്റി

ദോഹ: ഗസ്സ മുനമ്പിലെ പാവപ്പെട്ടവര്‍ക്ക് കുടിവെളളമത്തെിക്കുന്നതിനുളള പദ്ധതി ഖത്തര്‍ ചാരിറ്റി നടപ്പിലാക്കുന്നു. ഗെയ്ത്ത് ഫോര്‍ റിലീഫ് ആന്‍റ് ഡവലപ്മെന്‍റ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ഖത്തര്‍ ചാരിറ്റി പദ്ധതി നടപ്പാക്കുന്നത്. 3,000ത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 
എട്ട് മാസമെടുത്ത് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 262,000 റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗസ്സ മുനിസിപ്പാലിറ്റി നല്‍കുന്ന ഉപ്പുകലര്‍ന്ന വെളളം കുടിക്കുന്നത് വൃക്ക രോഗമടക്കമുളള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് ഖത്തര്‍ ചാരിറ്റി പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധീകരിച്ച കുടിവെള്ളം ഇപ്പോള്‍ തന്നെ ടാങ്കര്‍ ലോറികളിലാക്കി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്യുന്നുണ്ട്.
നല്ല കുടിവെളളത്തിനുളള ചെലവ് താങ്ങാന്‍ കഴിയാത്തവരെ സഹായിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനുമായാണ് ഖത്തര്‍ ചാരിറ്റി പദ്ധതി നടപ്പാക്കുന്നതെന്ന് ഗസ്സയിലെ ഖത്തര്‍ ചാരിറ്റി ഓഫീസ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അബൂ ഹല്ലൂബ് പറഞ്ഞു. 
ഖത്തര്‍ ചാരിറ്റിയുടെ മുന്‍ഗണനകളില്‍ പ്രഥമ പരിഗണനയാണ് കുടിവെള്ള പദ്ധതികള്‍ക്കുളളതെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സ മുനമ്പിലെ പ്രധാന പ്രശ്നം മലിനീകരണവും ഉപ്പുവെള്ളവുമാണ്. സമ്പന്നരായ കുടുംബങ്ങള്‍ ശുദ്ധീകരിച്ച ജലം വാങ്ങി ഉപയോഗിക്കുമ്പോള്‍ സമയം പാവപ്പെട്ടവര്‍ മലിന ജലം കുടിക്കേണ്ടിവരുന്നു. മഴവെളളം ശുദ്ധീകരിച്ച് 30 സ്കൂളുകളിലെ ശീതീകരണികള്‍ വഴി വിതരണം ചെയ്യാനുളള പദ്ധതിയും ഖത്തര്‍ ചാരിറ്റി നടപ്പിലാക്കി വരികയാണ്. ഗസ്സയിലെ ജല മലിനീകരണത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ഈ നില തുടരുകയാണെങ്കില്‍ 2016ല്‍ സ്ഥിതി ഭീകരമായിരിക്കും. ഇവിടെ റോഡുകളെക്കാള്‍ നൂറിരട്ടി അധികം ആവശ്യം ജലശുദ്ധീകരണ പ്ളാന്‍റുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.