വൈസ് ഉച്ചകോടിയില്‍ മിഷേല്‍ ഒബാമയും

ദോഹ: ഈ വര്‍ഷത്തെ വൈസ് (വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ എജുക്കേഷന്‍) ഉച്ചകോടിയില്‍ മുഖ്യതിഥിയായി അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും. സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ചക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നവംബര്‍ നാല് മുതലാണ് ഉച്ചകോടി നടക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ ആഗോളതലത്തിലും പ്രാദേശികമായും വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രഭാഷണം നടത്തും. 
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ വൈസ് കമ്മ്യൂണിറ്റിയില്‍ നിന്നുമുള്ള പരിചയസമ്പന്നരും പ്രഗല്‍ഭരുമായ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും നടക്കും. 
ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും വിവിധ സെഷനുകളില്‍ പങ്കുവെക്കാനുള്ള സുവര്‍ണാവസരമാണ് വൈസ് ഒരുക്കുന്നത്. വിദ്യാഭ്യാസ മേഖലയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും പ്രോജക്ടുകളും മറ്റു പരിശീലന പരിപാടികളും വൈസ് ഉച്ചകോടിയില്‍ നടക്കും. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച വ്യക്തിക്കുള്ള വൈസ് അവാര്‍ഡ് പ്രഖ്യാപനമായിരിക്കും ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണം. മികച്ച സംഭാവന നല്‍കിയ വ്യക്തിയോ സംഘടനയോ ഇതിനായി തെരെഞ്ഞെടുക്കപ്പെടും. കൂടാതെ ആറ് വൈസ് അവാര്‍ഡുകള്‍ കൂടി ഉച്ചകോടിയില്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച പരിശീലനം സിദ്ധിക്കുന്നതിനും ഈ രംഗത്തെ മികച്ച സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഏറ്റവും നല്ല അവസരമാണ് വൈസ് ഉച്ചകോടി. 2009 മുതല്‍ ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെക്കുന്ന വൈസ് വാര്‍ഷിക ഉച്ചകോടിയില്‍ ഈ മേഖലയിലെ അഗ്രഗണ്യരെയാണ് ദോഹയിലത്തെിക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.