കടലിനിക്കരെയും ആവേശപഞ്ചായത്ത്

ദോഹ: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ ജ്വരം പ്രവാസികള്‍ക്കിടയിലും മൂക്കുന്നു. സോഷ്യല്‍ മീഡിയിലെ കോലാഹലങ്ങള്‍ക്ക് പറമെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ കൊണ്ട് വേദികളലങ്കരിച്ച് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും തിരഞ്ഞെടുപ്പ് ചിഹ്നം വാഹനങ്ങളില്‍ പതിച്ചുമൊക്കൊയാണ് ഖത്തറിലെ പ്രവാസികള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയത്. അവധിയും മറ്റും ഒത്തുവന്ന ചിലര്‍ വോട്ട് ലക്ഷ്യമിട്ട് നാട്ടിലേക്ക് തിരിക്കുന്നുമുണ്ട്. ഇതിന് കഴിയാത്ത സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും ബന്ധുക്കള്‍ മത്സരിക്കുന്നവരും കുടുംബത്തെയെങ്കിലും നാട്ടിലത്തെിച്ച് വോട്ട് ഉറപ്പാക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് നയം വിശദീകരിക്കുന്ന കണ്‍വെന്‍ഷനുകളും നടന്നുവരുന്നു. 
പോസ്റ്റര്‍ പ്രചാരണങ്ങളും മറ്റും കൊഴുപ്പിക്കുന്നതില്‍ കെ.എം.സി.സി പ്രവര്‍ത്തകരാണ് മുമ്പില്‍. കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്  പ്രചാരണ യോഗത്തിന്‍െറ വേദി മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ കൊണ്ട് അലങ്കരിച്ചിരുന്നു. നാട്ടില്‍ നിന്നെതിച്ച പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച വേദി നാട്ടിലെ തെരുവ് പ്രചാരണ യോഗത്തിന്‍െറ പ്രതീതിയാണ് പ്രവര്‍ത്തകരിലുണ്ടാക്കിയത്. ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥി മുതല്‍ പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍വരെയുളളവരുടെ ബഹുവര്‍ണ പോസ്റ്ററുകള്‍ ഇതിനായി നാട്ടില്‍ നിന്നത്തെിക്കുകയായിരുന്നു. നാട്ടിലത്തെി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കളാകളാകാന്‍ സാധിക്കാത്ത പ്രവര്‍ത്തകരില്‍ തെരഞ്ഞെടുപ്പ് ആവേശം സൃഷ്ടിക്കുകയെന്നതാണ് നേതാക്കള്‍ ലക്ഷ്യമിട്ടത്. വാഹനങ്ങളില്‍ ലീഗിന് വോട്ടഭ്യര്‍ഥിച്ച് കോണി ചിഹ്നം പതിച്ചും ചിലര്‍ തെരഞ്ഞെടുപ്പ് നെഞ്ചിലേറ്റുനുണ്ട്. ട്രാഫിക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ലഭിക്കുന്ന പിഴയുടെ കാര്യം മറന്നുകൊണ്ടാണ് ചിലര്‍ ഇത്തരം സാഹസികതക്ക് മുതിരുന്നത്. 
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ കെ.എം.സി.സിക്ക് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടി പോഷക സംഘടയായ കള്‍ചറല്‍ ഫോറം,  ഇന്‍കാസ് , സോഷ്യല്‍ ഫോറം തുടങ്ങിയ സംഘടനകളും സജീവമാണ്. മുസ്ലിം ലീഗ് നേതാക്കളായ പി.വി. മുഹമ്മദ് അരീക്കോട്, അബ്ദുസമദ് പൂക്കോട്ടൂര്‍, എസ്.ഡിപി.ഐ അഖിലേന്ത്യ സമിതി അംഗം നസുറുദ്ധീന്‍ എളമരം, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി സെല്‍ കണ്‍വീനര്‍ അസ്ലം ചെറുവാടി തുടങ്ങിയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി ഖത്തറില്‍ നടന്ന വിവിധ പരിപാടികളില്‍ സംബന്ധിച്ചു. അതെസമയം കോണ്‍ഗ്രസും മുസ്ലിംലീഗും മുന്നണിയല്ലാതെ മത്സരിക്കുന്ന മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളില്‍ കെ.എം.സി.സി കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും രംഗത്തുണ്ട്. കൊണ്ടോട്ടി മണ്ഡലത്തിലെ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി യോഗത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നേതാക്കള്‍ സംസാരിച്ചത്. കോണ്‍ഗ്രസിന്‍െറ വഞ്ചനാരാഷ്ട്രീയത്തിനെതിരെ വോട്ടര്‍മാര്‍ ശക്തമായി പ്രതികരിക്കുമെന്ന് പഞ്ചായത്ത് കെ.എം.സി.സി പ്രസ്താവനയില്‍ പറയുന്നു. കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ചില പരിപാടികളില്‍ കോണ്‍ഗ്രസ് പോഷക സംഘടനയായ ഇന്‍കാസ് പ്രതിനിധികളെ ക്ഷണിച്ചെങ്കിലും മലപ്പുറം ജില്ല കമ്മറ്റി പരിപാടികള്‍ കെ.എം.സി.സി തനിച്ചാണ് സംഘടിപ്പിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.