അല്‍ ജസീറ ചലചിത്രോത്സവം നവംബര്‍ 26 മുതല്‍

ദോഹ: 11ാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ചലചിത്രോത്സവം നവംബര്‍ 26 മുതല്‍ 29വരെ റിട്ട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കും. 26ന് വൈകുന്നേരം ഏഴ് മണിക്കാണ് ഉദ്ഘാടനം. ചക്രവാളങ്ങള്‍ (ഹൊറൈസണ്‍സ്) എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്‍െറ വിഷയമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അബ്ബാസ് ആര്‍നോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 147 സിനിമകള്‍ മത്സരിക്കും. ടി.വി ചാനലുകള്‍, ടി.വി പ്രൊഡക്ഷന്‍ കമ്പനികള്‍, സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍, സാംസ്കാരിക സാമൂഹ്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറബ്, അന്താരാഷ്ട്ര തലങ്ങളിലുള്ളര്‍ തുടങ്ങിയവരാണ് ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
ഫെസ്റ്റിവലിന് 920 അപേക്ഷകളാണ് ലഭിച്ചത്. ഹ്രസ്വവിഭാഗത്തില്‍ 304, മീഡിയത്തില്‍ 311, ദീര്‍ഘ വിഭാഗത്തില്‍ 240, ന്യൂ ഹോറൈസണില്‍ 65 എന്നിങ്ങനെയായിരുന്നു അപേക്ഷകരുടെ എണ്ണം. ഇതില്‍ത്തന്നെ 775ചിത്രങ്ങളാണ് അയച്ചുകിട്ടിയത്. 90 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളുണ്ടായിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 147 സിനിമകളാണ് ഫെസ്റ്റില്‍ മത്സരിക്കുക. ഹ്രസ്വ വിഭാഗത്തില്‍ 47, മീഡിയത്തില്‍ 50, ദീര്‍ഘ വിഭാഗത്തില്‍ 30, ന്യൂ ഹൊറൈസണില്‍ 20 എന്നിങ്ങനെയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ എണ്ണം. ഇന്ത്യയില്‍ നിന്ന് 68 സിനിമകള്‍ മത്സരവിഭാഗത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അഞ്ചെണ്ണത്തിന് മാത്രമെ പട്ടികയില്‍ ഇടംപിടിക്കാനായുള്ളൂ. 50 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മത്സരത്തില്‍ പങ്കെടുക്കും. 33 ടെലിവിഷന്‍ സ്റ്റേഷനുകളില്‍ നിന്നായി 107 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും 15 ടി.വി സ്റ്റേഷനുകളുടെ 23 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍, അമേരിക്ക, ബോസ്നിയ ആന്‍റ് ഹെര്‍സഗോവിന, സ്പെയിന്‍, ജപ്പാന്‍, ഇന്തോനേഷ്യ, തുര്‍ക്കി, പോര്‍ച്ചുഗീസ്, ഇറാഖ്, ഇറാന്‍, സ്വീഡന്‍, ഫിലിപ്പീന്‍സ്, റിപ്പബ്ളിക് ഓഫ് സ്പര്‍സ്ക എന്നീ രാജ്യങ്ങളിലെ ടെലിവിഷന്‍ സ്റ്റേഷനുകളുടെ സിനിമകളാണ് മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 15 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ജൂറി അംഗങ്ങള്‍. 26ന് രാവിലെ ഒമ്പത് മണിക്ക് സിനിമകളുടെ സ്ക്രീനിങ് ആരംഭിക്കും. വൈകുന്നേരം ഏഴ് മണിക്ക് ഉദ്ഘാടന ചടങ്ങും തുടര്‍ന്ന് ആദ്യ ചിത്രത്തിന്‍െറ പ്രദര്‍ശനവും അരങ്ങേറും. 
തുടര്‍ന്നുള്ള ദിവസങ്ങളില്‍  സിനിമകളുടെ സ്ക്രീനിങ്, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. 
29ന് വൈകുന്നേരം ഏഴ് മണിക്ക് സമാപന സമ്മേളനവും രാത്രി എട്ടരയ്ക്ക് സുവര്‍ണ പുരസ്കാരം നേടിയ സിനിമയുടെ പ്രദര്‍ശനവും നടക്കും. പ്രൊഡക്ഷന്‍ കമ്പനികള്‍, ടി.വി. സ്റ്റേഷനുകള്‍, പുസ്തകാലയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനവും അരങ്ങേറും. 14 രാജ്യങ്ങളില്‍ നിന്നുള്ള 27നിര്‍മാണകമ്പനികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.