മെഡിക്കല്‍ ബില്ലുകളുടെ തുക 100 കോടി റിയാലിലധികം

ദോഹ: ആരോഗ്യ ഇന്‍ഷൂറന്‍സ് സ്കീമായ സേഹയിലൂടെ വന്ന ഖത്തരി പൗരന്മാരുടെ മെഡിക്കല്‍ ബില്ലുകളുടെ ആകത്തെുക 100 കോടി 285 ദശലക്ഷം റിയാല്‍ വരുമെന്ന് ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ കഹ്താനി പറഞ്ഞു. 2013 ജൂലൈ മുതല്‍ 2015 ഒക്ടോബര്‍ 21വരെയുള്ള കണക്കാണിത്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി ആക്ടിങ് സി.ഇ.ഒ ഡോ. ഫാലിഹ് ഹുസൈനുമൊത്തുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 
സ്വകാര്യ ആരോഗ്യ മേഖലയില്‍ നിന്ന് ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി സ്വീകരിച്ച മെഡിക്കല്‍ ബില്ലുകളുടെ തുക 2013 ജൂലൈ മുതല്‍ 2015 മാര്‍ച്ച് വരെ 894 ദശലക്ഷം റിയാലാണ്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 21 വരെ ഇത് 391 ദ ശ ലക്ഷം റിയാലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വകാര്യമേഖലയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനി ആയിരം കോടി റിയാല്‍ സ്വീകരിച്ചുവെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു. സേഹയുടെ ആദ്യഘട്ടം 12 വയസ്സിന്  മുകളിലുള്ള ഖത്തരി വനിതകള്‍ക്കായിരുന്നെങ്കില്‍ 2014 ഏപ്രില്‍ മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ സ്വദേശികളെയും ഇതില്‍ ഉള്‍പ്പെടുത്തി. 
സേഹയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടം രാജ്യത്തെ തൊഴിലാളികളെയും പ്രവാസികളെയുമടക്കം മുഴുവനാളുകളെയും ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 2016ലാണ് ഇത് ആരംഭിക്കുക. ശമ്പളത്തില്‍ നിന്ന് കുറക്കാതെ തൊഴില്‍ദാതാക്കള്‍ തന്നെ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നല്‍കണമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പാക്കേജില്‍ നിന്ന് വ്യത്യസ്തമായിരിക്കും തൊഴിലാളികള്‍ക്കെന്നും ഈ പാക്കേജ് അടിയന്തിരമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സേഹ ഇന്‍ഷൂറന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും വിവിധ അന്വേഷണങ്ങളിലായി 50 ലക്ഷം റിയാല്‍ തിരിച്ചുപിടിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചികിത്സ രംഗത്ത് തെറ്റായ മാര്‍ഗങ്ങളും ചികിത്സ രീതികളും അവലംബിക്കുന്ന ആരോഗ്യസേവന ദാതാക്കള്‍ അതിന്‍െറ പണം ഇന്‍ഷൂറന്‍സ് കമ്പനിക്ക് തിരിച്ചടക്കേണ്ടിവരുമെന്ന് ഡോ. ഫാലിഹ് ഹുസൈന്‍ പറഞ്ഞു. ചികിത്സ ചെലവുകള്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍  നിശ്ചയിച്ച പ്രകാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.