ഫാഷിസം ഇന്ത്യന്‍ ബഹുസ്വരതക്ക് ഭീഷണി ഉയര്‍ത്തുന്നു -ഇഖ്ബാല്‍ ഹുസൈന്‍

ദോഹ: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് ചിന്താഗതി രാജ്യത്തിന്‍െറ മതേതര സംസ്കാരത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈന്‍ ദോഹയില്‍ പറഞ്ഞു. ഫാഷിസം ഏതെങ്കിലും സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് രാജ്യത്തിന്‍െറ ബഹുസ്വരതയെ തന്നെയാണ് വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയില്‍ നടന്നത് പോലുള്ള സംഭവങ്ങള്‍ രാജ്യത്തിന്‍െറ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ പാടെ അട്ടിമറിക്കുന്നതാണ്. വിവിധ മതസ്ഥര്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയില്‍ സാഹചര്യമൊരുക്കണം. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തോതില്‍ വര്‍ഗീയധ്രുവീകരണം വളര്‍ന്നുവരികയാണ്. ഉന്നത കലാശാലകളില്‍ പോലും വര്‍ഗീയ ഫാഷിസ്റ്റുകളുടെ കടന്നുകയറ്റം പ്രകടമാണ്. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും ഇത്തരം ക്ഷുദ്രശക്തികള്‍ പിടിമുറുക്കുന്നതിന്‍െറ തെളിവുകളാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും മാത്രമല്ല മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ഫാഷിസം വേട്ടയാടുന്നുണ്ട്. ലോകത്തിന് മുമ്പില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചുപോരുന്ന സാംസ്കാരിക വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ഫാഷിസ്റ്റ് ശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. 
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായി ഫാഷിസ്റ്റ് ചിന്താഗതി മാറിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ കക്ഷികളും വിവിധ സമുദായിക സംഘടനകളും ഒത്തുചേര്‍ന്നുള്ള സഹവര്‍ത്തിത്വത്തിന്‍െറ മാര്‍ഗത്തിലൂടെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. ഇതിനായി ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വര്‍ഗീയതക്കെതിരായി എസ്.ഐ.ഒ സംഘടിപ്പിച്ച കാമ്പയിനില്‍ ഹിന്ദു, മുസലിം, കൃസ്ത്യന്‍, സിഖ് മതനേതാക്കളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. ഇസ്ലാമിക അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.ഒ ഒരിക്കലും മുസ്ലിം സാമുദായിക വാദത്തെ അംഗീകരിക്കുന്നില്ല. വിവിധ മതസമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വമാണ് രാജ്യത്തിന് ആവശ്യം. ഇതര സമുദായത്തില്‍ നിന്നുള്ളവരും ഇപ്പോള്‍ ധാരാളമായി അംഗത്വമെടുക്കുന്നുണ്ട്. അവര്‍ക്കു കൂടി പ്രവര്‍ത്തിക്കാനാവശ്യമായ പ്ളാറ്റ്ഫോമാണ് എസ്.ഐ.ഒ രൂപം നല്‍കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തില്‍ ഇത്തരത്തിലാണ് എസ്.ഐ.ഒ പങ്കെടുത്തത്. എസ്.ഐ.ഒ പി.ആര്‍ സെക്രട്ടറി ലയീഖ് അഹ്മദും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 
ഖത്തറിലെ ഇന്ത്യന്‍ ഫ്രന്‍റ്സ് സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് ഇരുവരും ദോഹയിലത്തെിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.