ഗസ്സയിലെ 13 ആശുപത്രികള്‍ക്ക് രണ്ട് ലക്ഷം ലിറ്റര്‍ ഇന്ധനം

ദോഹ: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ 13 ആശുപത്രികള്‍ക്ക് രണ്ടുലക്ഷം ലിറ്റര്‍ ഇന്ധനം കൈമാറിയതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. 1588 കിടക്കകളുള്ള ഈ ആശുപത്രികളില്‍ പൗരന്മാര്‍ക്ക് സാധാരണയായി നല്‍കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ കഴിയുമെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു. ഇന്ധനമില്ലാതെ കഷ്ടതയനുഭവിക്കുന്ന തങ്ങളുടെ ദൈന്യത മനസ്സിലാക്കുകയും നിവേദനത്തിന് വളരെ വേഗം മറുപടി നല്‍കുകയും ചെയ്ത ഖത്തര്‍ ചാരിറ്റിയുടെ നടപടിയെ ഗസ്സ ആരോഗ്യമന്ത്രാലയത്തിന്‍െറ അന്താരാഷ്ട്ര സഹകരണങ്ങള്‍ക്കായുള്ള ഡയറക്ടര്‍ ഡോ. അഷ്റഫ് അബു നന്ദി അറിയിച്ചു. ഗസ്സയിലെ  ഈ പദ്ധതിക്കായി 1205,000 ലക്ഷം റിയാലാണ് ഖത്തര്‍ ചാരിറ്റി ചെലവഴിച്ചത്്. 1.8 കോടി പേര്‍ ആശ്രയിക്കുന്ന ആശുപത്രികളില്‍ ദിവസവും കറന്‍റ് കട്ട് പതിവാണ്. 
ഫലസ്തീന്‍ പൗരന്മാര്‍ക്കുള്ള സഹായങ്ങള്‍ ഇനിയും തുടരുമെന്നും ഇസ്രായേലിന്‍െറ ഉപരോധം മൂലം പൊറുതിമുട്ടുന്ന ജനതയെ സഹായിക്കാന്‍ എപ്പോഴും തങ്ങളുണ്ടാവുമെന്നും ഗസ്സയിലെ ഖത്തര്‍ ചാരിറ്റി സഹായങ്ങളുടെ ഏകീകരണ നിര്‍വഹണ മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അബു ഹാലൗബ് പറഞ്ഞു. 90 ശതമാനം ജനങ്ങളും ചികില്‍സ തേടുന്ന ആരോഗ്യമന്ത്രാലയത്തിന്‍െറ ആശുപത്രികളില്‍ ദിവസവും 12 മണിക്കൂറിലേറെ കറന്‍റ് കട്ട് പതിവാണ്. ജനറേറ്റര്‍ ഉപയോഗിച്ചാണ് മന്ത്രാലയം ഈ അവസ്ഥ മറികടക്കുന്നത്. 
ഗസ്സയിലെ ആരോഗ്യമേഖലയില്‍ നിരവധി പദ്ധതികളാണ് ഖത്തര്‍ ചാരിറ്റി ഇതിനകം നിര്‍വഹിച്ചിട്ടുള്ളത്. 
അപകടം പറ്റിയവര്‍ക്കും മറ്റുമായി അവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ഗസ്സയിലെ അല്‍ ശിഫ മെഡിക്കല്‍ കോംപ്ളക്സുമായി ചേര്‍ന്ന് 582,000 റിയാല്‍ ചെലവില്‍  കെട്ടിടം പണിയുകയും ചെയ്തു. കൂടാതെ ആശുപത്രികള്‍ക്കായി നവീന യന്ത്രോപകരണങ്ങളും ജനറേറ്റര്‍, ഇലവേറ്റര്‍ മുതലായവയും കൈമാറുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.