വെള്ളാപ്പള്ളിയുടെ നിലപാടുമാറ്റത്തിന് കാരണക്കാര്‍ ഇരുമുന്നണികളും -നാസറുദ്ദീന്‍ എളമരം

ദോഹ: വെള്ളാപ്പള്ളി നടേശനെയും എസ്.എന്‍.ഡി.പിയേയും സംഘ്പരിവാറിന്‍െറ ആലയില്‍ കെട്ടുന്ന കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും ഒരുപോലെ ഉത്തരവാദികളാണെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതി അംഗം നാസറുദ്ദീന്‍ എളമരം. സംവരണ സമരത്തില്‍ പിന്നാക്കക്കാര്‍ക്ക് വേണ്ടി അണിനിരന്ന വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി പാളയത്തില്‍ എത്തേണ്ട ആളല്ല. കേരളത്തില്‍ ഇരുമുന്നണികളും വര്‍ഷങ്ങളായി തുടരുന്ന കൊള്ളക്കൊടുക്കയില്‍ തന്‍െറ പങ്ക് ലഭിക്കാത്തതാണ് വെള്ളാപ്പള്ളിയുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലത്തെിയ അദ്ദേഹം ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 
ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ രാജ്യത്തിന്‍െറ മതേതര ഘടനയെ തകര്‍ക്കുന്ന രീതിയില്‍ ശക്തമായ കടന്നുകയറ്റമാണ് നടത്തുന്നത്. കേരളത്തിലെ ഇതിനെ ശക്തമായ എതിര്‍പ്പ് മുഖ്യധാര കക്ഷികളില്‍ നിന്ന് ഉണ്ടാവുന്നില്ല. ജനങ്ങളുടെ ഭക്ഷണം, വസ്ത്രം എന്നു വേണ്ട ചിന്തയെപ്പോലും ഒരു പ്രത്യേക വിഭാഗം നിയന്ത്രിക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെതിരേ ബദല്‍ ചേരി ഉണ്ടാവണം. ഇതിന് വേണ്ടി പാര്‍ട്ടി ദേശീയ തലത്തില്‍ സമാന മനസ്കരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഴികെയുള്ള കക്ഷികളുമായി പ്രദേശിക സാഹചര്യങ്ങള്‍ക്കനുസിരിച്ച് നീക്കുപോക്കുകള്‍ നടത്തും. സംസ്ഥാനത്ത് 2,000ഓളം സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലം പരിഗണിക്കുമ്പോള്‍ അതില്‍ 300ഓളം ഇടങ്ങളില്‍ പാര്‍ട്ടി നിര്‍ണായകമാണ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 80,000ഓളം വോട്ടുകളായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അത് 2.75 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 സോഷ്യല്‍ ഫോറം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് സലത്ത ജദീദിലെ താരിഖുബിന്‍ സിയാദ് സ്കൂളില്‍ ജനപക്ഷ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടത്തുന്ന പൊതുപരിപാടി നാസറുദ്ദീന്‍ എളമരം സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 55984699 എന്ന നമ്പറില്‍ ലഭിക്കും. സോഷ്യല്‍ ഫോറം കേരള സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ സലാം കുന്നുമ്മല്‍, വൈസ് പ്രസിഡന്‍റ് കെ.സി. മുഹമ്മദലി, തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡനറ് പി.കെ. നൗഫല്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.