ആമിര്‍ ഖാനെ ക്രൂശിക്കുന്നത്  അപലപനീയം –ജഗദീഷ്

ദോഹ: പ്രസ്താവന നടത്തിയതിന്‍െറ പേരില്‍ ഹിന്ദി നടന്‍ ആമിര്‍ ഖാനെ ക്രൂശിക്കുന്ന നടപടി അപലപനീയമാണെന്ന് പ്രശസ്ത നടന്‍ ജഗദീഷ്. പ്രസ്താവന നടത്തുന്നവര്‍ നാടുവിട്ട് പോകണമെന്ന് പറയുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലത്തെിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ആമീര്‍ തന്‍െറ സിനിമകളിലൂടെ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നടനാണ്. കഥയുടെ ഓരോ വരികളും വായിച്ച് അഭിനയിക്കുന്നയാളാണ്. തിന്‍മകള്‍ക്കെതിരെ സാമൂഹ്യ ബോധവല്‍കരണത്തിനായി നിരവധി സിനിമയില്‍ അഭിനയിക്കുകയും ടെലിവിഷന്‍ ഷോ നടത്തുകയും ചെയ്യുന്ന ആമിര്‍ ഖാനോട് ഇങ്ങനെ പെരുമാറുന്നത് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു. ആമിര്‍ ഖാനെതിരെ ചില സിനിമ നടന്‍മാര്‍ അഭിപ്രായം പറഞ്ഞത് സിനിമ പ്രവര്‍ത്തകര്‍ എന്നതിലുപരി അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കൂടി വെച്ചുകൊണ്ടാണ്. ഇങ്ങനെ അഭിപ്രായം പറയുന്നവരെയും ക്രൂശിക്കുന്നത് ശരിയല്ളെന്നും നിര്‍ഭയമായി തന്‍െറ അഭിപ്രായം പറയാനുളള അവകാശം എല്ലാവര്‍ക്കും വകവെച്ചുകൊടുക്കണമെന്നും ജഗദീഷ് പറഞ്ഞു. ഇത്തരത്തില്‍ രംഗത്തുവന്ന പരേഷ് റാവല്‍ ഇപ്പോള്‍ ബി.ജെ.പി എം.പിയാണ്. മറ്റെരു നടനായ അനുപം ഖേറിന്‍െറ ഭാര്യയും എംപിയാണ്. ഇക്കാരണങ്ങളാലായിരിക്കാം അവര്‍ ആമിറിന്‍െറ അഭിപ്രയത്തിന് എതിരായ നിലപാടുകള്‍ സ്വീകരിച്ചത്. നിലവില്‍ ബിസാഹിത്യകാരന്‍മാര്‍ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുത്ത് പ്രതിഷേധിച്ചതിനെ അനുകൂലിക്കുകയാണ്. ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങളെ അങ്ങേയറ്റം പിന്തുണക്കുന്നയാളാണ് ഞാന്‍. എന്നാല്‍, ഇക്കാരണത്താല്‍ സിനിമക്കാരും പുരസ്കാരം തിരിച്ചുനല്‍കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. ഓരോ കലാകാരന്‍മാരും ഉള്ളില്‍നിന്ന് തീരുമാനിച്ച് ചെയ്യേണ്ട കാര്യമാണിത്. 
പഴയകാലത്ത് മതങ്ങളെ വിമര്‍ശിക്കുന്ന ഒട്ടേറെ മലയാള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ എടുക്കാന്‍ സാധ്യമല്ല. സിനിമയിലെ ഓരോ സീനുകളുമെടുത്ത് അതിന് മതപരവും രാഷ്ട്രീയവുമായ വ്യാഖ്യാനങ്ങള്‍ നല്‍കുകയാണിന്ന്. സുരേഷ് ഗോപി പുതിയ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനിടയായത് സംബന്ധിച്ച് അറിയില്ളെന്നും അദ്ദേഹത്തിന് തക്കതായ കാരണങ്ങള്‍ ഉണ്ടാവാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ചരിത്രപ്രധാന്യമുളള സിനിമകള്‍ എടുക്കുമ്പോള്‍ ചരിത്ര വസ്തുതയോട് നീതി പുലര്‍ത്തണമെന്നതാണ് ധാര്‍മികമാി ശരി. എന്നാല്‍, സിനിമകള്‍ വിജയിക്കണമെങ്കില്‍ അങ്ങനെ വേണ്ടിവരുമെന്നതാണ് ഇത്തരം ചിത്രങ്ങളുടെ വിജയം തെളിയിക്കുന്നത്. അങ്ങനെയാവുമ്പോള്‍ സംവിധായകരുടെ ശരി അതാണ്. സിനിമകള്‍ നന്‍മയിലേക്ക് നയിക്കുന്നത് കുറയുന്നുവെന്ന ആരോപണം മലയാള സിനിമയെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. 
സിനിമ ഉയര്‍ത്തിപിടിക്കാന്‍ ആഗ്രഹിക്കുന്ന ധാര്‍മിക നിലവാരത്തിലേക്ക് പ്രേഷകരെ എത്തിക്കണമോ അതല്ല പ്രേക്ഷകരുടെ നിലവാരത്തിലേക്ക് സിനിമ ഇറങ്ങിവരണമോ എന്നതാണ് ഇവിടെ വിഷയം. സാമ്പത്തിക ലാഭത്തിന് സിനിമ പ്രേക്ഷകരുടെ നിലവാരത്തിലേക്ക് ഇറങ്ങിവരുന്നതായിരിക്കും നല്ലതെന്നാണ് പലരും ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഒ.പി. ഷാനവാസ് നന്ദിയും പറഞ്ഞു. മീഡിയ ഫോറം ഉപഹാരം ട്രഷറര്‍ ഐ.എം.എ റഫീഖ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.