ദോഹ: ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം കാമറയില്‍ ഒപ്പിയെടുത്ത മലയാളി സംവിധായകന്‍െറ ചിത്രം അല്‍ ജസീറ ഡോക്യൂമെന്‍ററി ഫെസ്റ്റിവലില്‍ കയ്യടി നേടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ഫൈസല്‍ സംവിധാനം ചെയ്ത ‘ഹോം വിത്തൗട്ട് എ ഹോം ലാന്‍ഡ്’ ആണ് ഇന്നലെ രാത്രി 7.30ന് പ്രദര്‍ശിപ്പിച്ചത്. 2012ല്‍ മ്യാന്‍മറില്‍ നിന്ന് കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്ത നിരവധി കുടുംബംങ്ങള്‍ ഡല്‍ഹിയിലെ ചേരികളില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. ഇതില്‍ ഒരു കുടുംബത്തിന്‍െറ ഒരു ദിവസത്തെ ജീവിതമാണ് ഫൈസല്‍ പകര്‍ത്തിയത്. ഡല്‍ഹിയിലെ കാളിന്ദികുഞ്ചിലെ അഭയാര്‍ഥി ക്യാമ്പിലെ അഫ്സ ഖാതൂന്‍ എന്ന 55കാരിയുടെയും കുടുംബത്തിന്‍െറയും ഒരു ദിവസം രാവിലെ മുതല്‍ രാത്രി ഉറങ്ങുന്നത് വരെയുള്ള ജീവിതത്തിലെ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. രാജ്യത്തരത്തില്‍ നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്‍ററിക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
‘എ കാണ്‍ട് ബി മാഡ് അറ്റ് അല്ലാഹ്’ എന്നാണ് ഡോക്യുമെന്‍ററിയുടെ യഥാര്‍ഥ പേര്. എന്നാല്‍, ‘ഹോം വിത്തൗട്ട് എ ഹോം ലാന്‍ഡ്’ രണ്ടാം പേരിലാണ് അല്‍ ജസീറയില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച അവതരണ രീതി കൊണ്ട് ചിത്രം ദോഹയില്‍ പ്രശംസ നേടി. ലോകത്തെ തന്നെ പ്രശസ്തമായ അല്‍ ജസീറ മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫൈസല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നവംബറില്‍ നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹിസ്റ്റോണിയയിലെ ചാര്‍ളി ചാപ്ളിന്‍ അസോസിയേഷന്‍ ഫര്‍ണോ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡോക്യുമെന്‍ററി നോമിനേഷന്‍ ലഭിച്ചു. ഡല്‍ഹി അമിറ്റി യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനത്തിനും എട്ടാമത് ഫിലിം സാസ് അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്‍ററിയായും തെരഞ്ഞെടുക്കപ്പെട്ടു. പൂനെയില്‍ നടന്ന മൂന്നാമത് ദേശീയ വിദ്യാര്‍ഥി ഫിലിം ഫെസ്റ്റവലിലേക്ക് ഒഫീഷ്യല്‍ സെലക്ഷനും ലഭിച്ചു. അലീഗഡ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്‍ററിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഫൈസലിന്‍െറ ആദ്യ ഡോക്യുമെന്‍ററിയാണിത്. ഡല്‍ഹിയില്‍ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.