ജോലി രാജിവെക്കാന്‍ രജനികാന്തിനെ പ്രേരിപ്പിച്ച സഹപാഠി

ദോഹ: ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുമ്പോള്‍ ചെറിയൊരു സംശയത്തിലായിരുന്നു. ഭാവിയില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമോ, അതോ ഇപ്പോഴത്തെ ജോലി തുടരണമോ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ ശങ്ക. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കെ. ബാലചന്ദറിന്‍െറ ‘അവള്‍ ഒരു തുടര്‍ക്കഥൈ’ ആയിരുന്നു ആദ്യചിത്രം. സിനിമയുടെ പ്രിവ്യൂ കണ്ട രജനിയുടെ സുഹൃത്തും സഹപാഠിയുമായ ആദം അയ്യൂബിന് അദ്ദേഹത്തിന് സിനിമയിലുള്ള ഭാവിയെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല. ധൈര്യമായി ജോലി രാജിവെച്ചോളാന്‍ രജനിയോട് പറഞ്ഞത് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠിയായിരുന്ന ആദം അയ്യൂബാണ്. എഫ്.സി.സി ഖത്തര്‍ കേരളീയം സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാനത്തെിയ സിനിമ പ്രവര്‍ത്തകനും നടനുമായ ആദം അയ്യൂബ് ‘ഗള്‍ഫ് മാധ്യമ’ത്തോട് മനസ് തുറന്നപ്പോഴാണ് സ്റ്റൈല്‍ മന്നനുമായുള്ള പഴയ ബന്ധം ഓര്‍ത്തെടുത്തത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴും രജനികാന്ത് ബംഗളൂരുവില്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായി ജോലിയിലുണ്ടായിരുന്നു. ബംഗളൂരുവിലും ചെന്നെയിലുമായി മാറിമാറിക്കഴിയുന്ന കാലത്ത് രണ്ട് വര്‍ഷത്തോളം ഒരുമുറിയിലാണ് രജനിയും ഞാനും താമസിച്ചിരുന്നത്. ആദ്യ സിനിമ ഇറങ്ങിയതോടെ പിന്നെ രജനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ഏഴ് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തെ കണ്ടത്. ചെമ്മീന്‍ നിര്‍മിച്ച കണ്‍മണി ബാബുവിന്‍െറ ‘അസ്ഥി’ എന്ന സിനിമയുടെ ഡബ്ബിങ് നടക്കുമ്പോള്‍ മദ്രാസിലെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു പുനസമാഗമം. അതിന്‍െറ അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്നു ഞാന്‍. മോഹന്‍ലാലിന്‍െറ ഭാര്യാപിതാവായ കെ. ബാലാജിയുടെ സുജാത ഡബ്ബിങ് തിയറ്ററിലായിരുന്നു വര്‍ക്കുകള്‍. ആ സമയത്ത് തന്നെയാണ് രജനി മൂന്ന് വേഷങ്ങളില്‍ അഭിനയിച്ച ‘മൂന്ന് മുഖം’ എന്ന സിനിമയുടെയും നിര്‍മാണം നടന്നത്. 
ഡബ്ബിങ് ഒക്കെ കഴിഞ്ഞ റിലീസിന് തയാറായിരിക്കുകയായിരുന്നു ചിത്രം. പക്ഷെ, രജനികാന്തിന്‍െറ ചില ശബ്ദങ്ങള്‍ അവിടവിടെയായി വിട്ടുപോയതിനാല്‍ ചെറിയ വര്‍ക്കുകള്‍ കൂടി ബാക്കിയുണ്ടായിരുന്നു. ഞങ്ങള്‍ ബുക്ക് ചെയ്ത സ്റ്റുഡിയോ അല്‍പനേരം വിട്ടുകൊടുക്കുമോയെന്ന് അവര്‍ ചോദിച്ചു. 
ഡബ്ബിങ് അന്നുതന്നെ പൂര്‍ത്തിയാക്കി മടങ്ങേണ്ട ഭരത് ഗോപി അടക്കമുള്ള അഭിനേതാക്കളാണ് ഞങ്ങളോടൊപ്പമുണ്ടായിരുന്നത്. അതിനാല്‍ ഉച്ചഭക്ഷണ സമയത്ത് സ്റ്റുഡിയോ വിട്ടുകൊടുക്കാമെന്ന് പറഞ്ഞു. ഉച്ചയോടെ അദ്ദേഹമത്തെി ഡബ്ബിങ് ആരംഭിച്ചു. ഏഴ് വര്‍ഷം കൊണ്ട് രജനി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായി വളര്‍ന്നിരുന്നു. എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാല്‍ ഞാന്‍ അങ്ങോട്ട് പോയതേയില്ല. അവഗണിച്ചുകഴിഞ്ഞാല്‍ അത് വിഷമമാവുമെന്നതായിരുന്നു കാരണം. ഞാന്‍ ഭക്ഷണം കഴിഞ്ഞ് സ്ക്രിപ്റ്റിലും മറ്റും ചെയ്യാനുള്ള ബാക്കി വര്‍ക്കുകളില്‍ വ്യാപൃതനായി. രണ്ട് മണി വരെയാണ് അവര്‍ക്ക് സമയം കൊടുത്തിരുന്നത്. രണ്ടരയായിട്ടും ഇറങ്ങാതായതോടെ ഇടപെടാതെ നിവൃത്തിയില്ലാതായി. കാരണം അഞ്ച് മണിക്ക് ജോലി തീര്‍ത്ത് ഭരത് ഗോപിക്ക് ഫൈ്ളറ്റില്‍ മടങ്ങാനുള്ളതാണ്. രജനി എങ്ങനെ പ്രതികരിക്കുകയാണെങ്കിലും തിരിച്ച് അതേപോലെ പ്രതികരിക്കാമെന്നുറപ്പിച്ച് സ്റ്റുഡിയോയുടെ വാതില്‍ തുറന്നു. അനുവാദമില്ലാതെ ഉള്ളിലേക്ക് വന്നതാരെന്ന് നീരസത്തോടെ അദ്ദേഹമൊന്നു നോക്കി. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഒരു ബുള്‍ഗാന്‍ താടി വെച്ചിരുന്നതിനാല്‍ എന്നെ തിരിച്ചറിയാന്‍ രണ്ട് നിമിഷമെടുത്തു. സഹപാഠികളായിരുന്നപ്പോള്‍ അയ്യൂബാ എന്നാണ് വിളിച്ചിരുന്നത്. തിരിച്ചറിഞ്ഞതോടെ ‘ഡേ അയ്യൂബാ..’ എന്ന് വിളിച്ച് അടുത്ത് വന്ന് അദ്ദേഹം കെട്ടിപ്പിടിച്ചു. 
ചോദിക്കാതെ കടന്നുചെല്ലുന്നയാളോട് സൂപ്പര്‍താരം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയോടെ സ്റ്റുഡിയോയിലെ ചില്ലിനപ്പുറത്തെ കണ്‍സോളിനകത്ത് ഇരിക്കുന്നവര്‍ക്ക് അപ്പോഴാണ് ആശ്വാസമായത്. പിന്നെ അവിടെയിരുന്ന് ഏറെ നേരം സംസാരിച്ചു. അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്നുകൊണ്ടുവന്ന ജ്യൂസ് രണ്ട് ഗ്ളാസ് എത്തിച്ച് അതിലേക്ക് പകര്‍ന്നു. ‘കുചേലന്‍’ സിനിമയില്‍ സഹപാഠിയായിരുന്ന ബാര്‍ബറുടെ കഥാപാത്രത്തെ അവതരിപ്പിച്ച പശുപതിയോട് ചോദിക്കുന്ന പോലെ ഇത്രയും കാലം കണാതിരുന്നതിനെക്കുറിച്ച് പരിഭവിച്ചു. അന്ന് ജോലി രാജിവെക്കാന്‍ നിര്‍ബന്ധിച്ചത് ഓര്‍മയുണ്ടോയെന്ന് ചോദിക്കുകയും അതിന്‍െറ നന്ദി അറിയിക്കുകയും ചെയ്തു. വീട്ടിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചാണ് അന്ന് പിരിഞ്ഞത്. പക്ഷെ പിന്നീട് കണ്ടിട്ടില്ല.
സിനിമയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ വിപ്ളവം നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ സിനിമ നിര്‍മാണം വളരെ ലളിതമായി. സിനിമയോ ഷോര്‍ട്ട് ഫിലിമോ എടുക്കുന്നതിനുള്ള ചെലവ് വളരെ കുറഞ്ഞു. മൊബൈല്‍ ക്യാമറയില്‍ പോലും ആളുകള്‍ സിനിമ എടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. നാട്ടിലും ഗള്‍ഫിലുമെല്ലാം ഇത്തരം നിരവധി സിനിമകള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍, നല്ല ആശയവും ഭാവനയും മാത്രമുണ്ടായാല്‍ സിനിമകള്‍ നന്നാവില്ല. 
ഈ സങ്കേതത്തെക്കുറിച്ച് അടിസ്ഥാനപരമായ ബോധം ഉണ്ടായിരിക്കണം. ഭാഷക്ക് വ്യാകരണമുള്ളത് പോലെ സിനിമക്കും അതുണ്ട്. അത് മനസിലാക്കിയാല്‍ കൂടുതല്‍ നന്നായി സിനിമ എടുക്കാന്‍ കഴിയും. എഫ്.സി.സി സംഘടിപ്പിച്ച ഹ്രസ്വ ചിത്ര മത്സരം ജഡ്ജ് ചെയ്തപ്പോള്‍ മനസിലായത്, ഒട്ടേറെ നല്ല ആശയങ്ങളുള്ളവര്‍ ഈ രംഗത്തുണ്ടെന്നതാണ്. എന്നാല്‍, സാങ്കേതികമായി അല്‍പംകൂടി വിവരമുണ്ടായിരുന്നുവെങ്കില്‍ അവരുടെ ആശയങ്ങള്‍ നന്നായി വിനിമയം ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
സിനിമ-ടെലിവിഷന്‍ രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആദം അയ്യൂബ് പഴയകാല സംവിധായകരായ എ. വിന്‍സന്‍റ്, പി.എ. ബക്കര്‍, ബാലു കിരിയത്ത് എന്നിവര്‍ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായിരുന്നു. നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത അദ്ദേഹം സിനിമകളിലും ടെലിഫിലിമുകളിലും അഭിനേതാവുമാണ്. ഒട്ടേറെ പുരസ്കാരങ്ങളും തേടിയത്തെിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി കേരളത്തിലെ സാംസ്കാരിക സംഘടനയായ തനിമയുടെ അധ്യക്ഷനുമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.