പെരുമഴയില്‍ മുങ്ങി ദോഹ

ദോഹ: കഴിഞ്ഞദിവസം തുടങ്ങിവെച്ച മഴ ഇന്നലെയും കനത്തുപെയ്തപ്പോള്‍ റോഡുകള്‍ പലതും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്തംഭിച്ച നിലയിലാണ്. സ്കൂളുകള്‍ പലതും നേരത്തെ അടക്കുകയും രക്ഷിതാക്കളോട് കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മഴ കാരണം വിമാനങ്ങള്‍ പലതും വൈകുന്നതായും പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 
ഹമദ് അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. ഈ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ 80 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഹമദ് വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലേക്ക് മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘14 ബില്യന്‍ ഡോളര്‍ വിമാനത്താവളം’ എന്ന പരിഹാസ തലക്കെട്ടോടെയാണ് ഒരാള്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഉച്ചക്ക് മുമ്പ് തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ടാങ്കര്‍ ലോറികളിലേക്ക് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത് പ്ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്. വെള്ളം ഒഴുകിവന്നതിനാല്‍ ദാര്‍ അല്‍ സലാം മാളും വില്ലാജിയോ മാളും  താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. 
മഴയത്തെുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ വീഴ്ച വന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്തെ അഴുക്കുചാല്‍ സംവിധാനങ്ങള്‍ ശക്തമായ മഴയെ നേരിടാന്‍ പര്യാപ്തമായതല്ളെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള വിഭാഗവും മഴക്കെടുതികള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കെതിരെയുള്ള മുന്നൊരുക്കങ്ങളും വേണ്ടത്ര ഫലപ്രദമല്ളെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞകാലങ്ങളിലെ കെടുതികളില്‍ നിന്ന് ഒരുപാഠവും ഉള്‍ക്കൊള്ളാതെയാണ് രാജ്യം മുമ്പോട്ടുപോകുന്നതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.
മഴ കാരണം ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍ നേരത്തെ വിടുന്നതായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു. ചില നഴ്സറികളും ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ലണ്ടന്‍, കേംബ്രിഡ്ജ് സ്കൂള്‍, കോമ്പാസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ മദീന ഖലീഫ, ദോഹ കോളേജ്, അമേരിക്കന്‍ സ്കൂള്‍ ഓഫ് ദോഹ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രതികൂല കാലാവസ്ഥ കാരണം നേരത്തെ വിടുകയും കുട്ടികളെ കൊണ്ടുപോകാനായി രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹമദ് ആശുപത്രി സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ‘എല്ലുരോഗവിഭാഗം’ത്തിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ എംബസിയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.
ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍െറ പ്രവചനം. റോഡിലും മറ്റും കെട്ടിക്കിടക്കുന്ന മഴ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് എമര്‍ജന്‍സി നമ്പറായ 999 വിളിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 
ദോഹ, മിസഈദ്, അല്‍ വാബ്, കോര്‍ണിഷ്, ബിന്‍ ഉംറാന്‍, ഹിലാല്‍ എന്നിവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.