സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് ഒരുക്കങ്ങള്‍ പൂര്‍ണം 

ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായി നടത്തുന്ന സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഖത്തര്‍ ഘടകം, ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവംബര്‍ 27ന് രാവിലെ 6.30 മുതല്‍ വൈകുന്നേരം ഏഴ് മണി വരെ സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് ബോയ്സ് സെക്കണ്ടറി സ്കൂളിലാണ് നടക്കുക. ‘ഭക്ഷ്യസുരക്ഷ: കൃഷിയിടം മുതല്‍ ഭക്ഷണ തളിക വരെ ഭക്ഷണം സുരക്ഷിതമാക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന്‍െറ പ്രമേയം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍െറയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറയും രക്ഷാധികാരത്തില്‍ നടക്കുന്ന ക്യാമ്പിന്‍െറ മുഖ്യപ്രായോജകര്‍ ഉരീദു ആണ്. ക്യാമ്പിലും അനുബന്ധ ബോധവല്‍കരണ പരിപാടികളിലുമായി 5000ത്തോളം പേര്‍ പങ്കെടുക്കും.
നാടും വീടും ഉറ്റവരെയും വിട്ട് പ്രവാസ ജീവിതം നയിക്കേണ്ടത് കൊണ്ടുണ്ടാകുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിതരീതി തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഏഷ്യന്‍ വംശജരായ തൊഴിലാളികളില്‍ ആരോഗ്യബോധവല്‍ക്കരണം നല്‍കുകയാണ് ക്യാമ്പിന്‍െറ മുഖ്യലക്ഷ്യം. രോഗ ചികിത്സക്കൊപ്പം രോഗ പ്രതിരോധ നടപടികളില്‍ കൂടി പങ്കാളികളായി ഖത്തറിന്‍െറ പൊതു ആരോഗ്യ സുരക്ഷ വളര്‍ച്ചയില്‍ വലിയ സംഭാവനകളര്‍പ്പിക്കാന്‍ ക്യാമ്പിന് സാധിക്കും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ പ്രയോജനപ്പെടുത്തുന്ന ക്യാമ്പ് മാനുഷിക ഐക്യത്തിന്‍െറയും സാഹോദര്യത്തിന്‍െറയും നിസ്തുല മാതൃക കൂടിയാണെന്നും സംഘാടകര്‍ പറഞ്ഞു.
ക്യാമ്പ് പവലിയനില്‍ ഖത്തര്‍ റെഡ് ക്രസന്‍റിന്‍െറ സഹകരണത്തോടെ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ പരിശോധനക്ക് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട.് കൂടാതെ കേള്‍വിക്കുറവ് പരിശോധിക്കാനും, അവയവദാന സമ്മത പത്രം നല്‍കാനും, രക്തദാനത്തിനും ഭാവിയില്‍ രക്തദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സംവിധാനവുമുണ്ടായിരിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ ആഭിമുഖ്യത്തില്‍ ഗ്ളൂക്കോമ ടെസ്റ്റ്, ഓഡിയോമെട്രി, സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി, ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തുന്ന ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രസന്‍േറഷന്‍ തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പിലുണ്ട്. 
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ പരിപാടികളും മറ്റ് വിവിധ ഏജന്‍സികളുടെ സ്റ്റാളുകളും, വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ആരോഗ്യബോധവല്‍കരണ പ്രദര്‍ശനങ്ങളും പവലിയനില്‍ സജ്ജീകരിച്ചിട്ടുണ്ട്. 
നാല്് സെഷനുകളിലായാണ് മുന്‍കൂട്ടി രജിസറ്റര്‍ ചെയ്തവര്‍ക്കായി ക്യാമ്പില്‍ പരിശോധനകള്‍ നടക്കുക. ആദ്യ സെഷന്‍ രാവിലെ 6.30 മുതല്‍ ഒമ്പത് വരെയും വരെയും രണ്ടാം സെഷന്‍ ഒമ്പത് മുതല്‍ 10.30 വരെയും മൂന്നാം സെഷന്‍ ഒരു മണി മുതല്‍ വൈകുന്നേരം നാല് വരെയും അവസാന സെഷന്‍ നാല് മുതല്‍ ആറ് വരെയുമായിരിക്കും. രാവിലെ ഒമ്പത് മണിക്കായിരിക്കും ക്യാമ്പിന്‍െറ ഒൗപചാരിക ഉദ്ഘാടനം. ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ പ്രൈവറ്റ് അസോസിയേഷന്‍ ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ നാജി അബ്ദുറബ്ബ് അല്‍ അജജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഉരീദു പ്രതിനിധികള്‍, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. 
എഫ്.സി.സി ഗവേണിങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സമീര്‍ മൂപ്പന്‍, പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മറിയം യാസീന്‍ അല്‍ ഹമ്മാദി, ഉരീദു കമ്മ്യൂണിറ്റി റിലേഷന്‍സ് മാനേജര്‍ മനാര്‍ ഖലീഫ അല്‍ മുറൈഖി, ഖത്തര്‍ ചാരിറ്റി പ്രതിനിധി അലി അല്‍ ഗുറൈബ്, സി.എച്ച്. നജീബ്, നാസര്‍ ആലുവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.