നാട്ടുരുചി വിളമ്പി വീട്ടമ്മമാര്‍

ദോഹ: ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ ഖത്തര്‍ കേരളീയം സമാപന ചടങ്ങുകള്‍ അരങ്ങേറിയ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഖത്തറിലെ വീട്ടമ്മമാര്‍ ഒരുക്കിയ ഭക്ഷ്യമേള വേറിട്ടതായി. ഇരുപതോളം വീട്ടമ്മമാര്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വിഭവങ്ങളുമായാണ് ഭക്ഷ്യമേള ഒരുക്കിയത്. ഓരോ സ്റ്റാളുകളിലും വ്യത്യസ്ത വിഭവങ്ങളാണുണ്ടായിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് നാടന്‍രുചിയുടെ ഗൃഹതുരത്വം സമ്മാനിക്കുന്നതായിരുന്നു ഓരോ വിഭവങ്ങളും. 
കേരളത്തിലെ വിവിധ ജില്ലക്കാരായ വീട്ടമ്മമാര്‍ പങ്കെടുത്ത മേളയില്‍ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രുചിവൈവിധ്യങ്ങള്‍ പ്രദര്‍ശന മേശയില്‍ നിരന്നു. പലഹാരങ്ങളും ബിരിയാണിയും മധുരവുമൊക്കെയായി ഭക്ഷ്യമേളയില്‍ നിറഞ്ഞത് അനവധി വിഭവങ്ങളാണ്. വിവിധ തരം പായസങ്ങള്‍, പഴംപൊരി, ഉന്നക്കായ, കട്ട്ലെറ്റ് തുടങ്ങിയ പലഹാരങ്ങള്‍, വിവിധ തരം ബിരിയാണികള്‍, മജ്ബൂസ്, നെയ്ചോറ്, നാടന്‍ കറികള്‍, ചട്ടിപത്തിരി, അപ്പം, കോക്കനട്ട് ലഡു, കാരറ്റ് ഹല്‍വ, ചോക്ക്ലേറ്റ് കേക്ക്, ഗുലാബ് ജാം, പൈനാപ്പിള്‍ സഫ്ലെ, ചെമ്മീന്‍ ഉണ്ട, ചക്ക അട, സ്പ്രിങ് റോള്‍, വിവിധ തരം സമൂസകള്‍, മീനട, ഇലയട, പരിപ്പുവട, അരിപ്പത്തല്‍,  ഇറച്ചിപ്പുട്ട്, കപ്പ ബിരിയാണി, മീന്‍ പത്തിരി, കുഞ്ഞിപ്പത്തല്‍, വെള്ളയപ്പം തുടങ്ങി രുചിയൂറുന്ന ഒട്ടേറെ വിഭവങ്ങളാണ് സ്റ്റാളുകളില്‍ വിളമ്പിയത്. 
പുറമേ നിന്ന് ഭക്ഷണം കഴിക്കില്ളെന്ന് മസില്‍പിടിക്കുന്നവര്‍ പോലും മേളയിലെ രുചിവൈവിധ്യം കണ്ടപ്പോള്‍ രുചിച്ചുനോക്കാന്‍ തിരക്കിടുന്ന കാഴ്ചയാണ് കണ്ടത്. എഫ്.സി.സി വനിത വേദിയിലെ പ്രവര്‍ത്തകരാണ് ഈ ഭക്ഷണ ശാലകള്‍ ഒരുക്കിയത്. ഇവരില്‍ പലരും പാചക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവരാണ്. കൊച്ചുകുട്ടികളുള്ള വീട്ടമ്മമാരുടെ സ്റ്റാളുകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍  വാശിപിടിച്ച് കരയുന്ന കുട്ടികളെ തോളില്‍കിടത്തി ഉറക്കിയും അവരോടൊപ്പം കളിച്ചും ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പങ്കാളികള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഇതോടൊപ്പം തന്നെ ആഭരണങ്ങളുടെയും മൈലാഞ്ചിയുടെയും പ്രദര്‍ശനനവും നടന്നു. അപര്‍ണ, ഷെറി റസാഖ്, ലിജി തുടങ്ങിയവരാണ് ഭക്ഷ്യമേളയും പ്രദര്‍ശനവും ഏകോപിപ്പിച്ചത്. ഷിബാന നജീബ്, റിഷാന ഷാഹിന്‍, ഷെറി റസാഖ്, മാജിദ, നസറി താബിത്, മുബീന, ഫൗസിയ അബ്ദുല്‍മനാഫ്, തസ്നി, സനില, സുമയ്യ, നദീറ, സൗമി ഷൗക്കത്ത്, ഷാഹിദ ഗഫൂര്‍, നബീല, നസ്ലി നദീര്‍, സമീറ, നഷീദ തുടങ്ങിയവരാണ് ഭക്ഷ്യ പ്രദര്‍ശനത്തില്‍ സജീവമായി പങ്കുകൊണ്ടത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.