ഖത്തര്‍ റെഡ്ക്രസന്‍റ് യമനിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ദോഹ: യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ദുരിതത്തിലായ സ്വദേശികള്‍ക്ക് ആശ്വാസമായി ഖത്തര്‍ റെഡ്ക്രസന്‍റ് സംഘം. നാല് മാസത്തോളമായി യമനില്‍ തുടരുന്ന റെഡ്ക്രസന്‍റ് പ്രത്യേക വളണ്ടിയര്‍മാര്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കും മറ്റ് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും സഹായവുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ട്. ഇതുവരെ വിവിധ സഹായപ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ ഡെവലപ്മെന്‍റ് ഫണ്ടുമായി സഹകരിച്ച് 14.5 ദശലക്ഷം റിയാലാണ് യമനില്‍ ചെലവഴിച്ചത്. 
രണ്ട് വിഭാഗങ്ങളായാണ് ഖത്തര്‍ റെഡ്ക്രസന്‍റ് വളണ്ടിയര്‍മാര്‍ യമനില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. സന്‍ആയിലും ഏദനിലും പ്രാതിനിധ്യ ദൗത്യസംഘങ്ങള്‍ വഴി സഹായങ്ങള്‍ എത്തിക്കുകയാണ് ഒന്നാമത്തെ വിഭാഗം ചെയ്യുന്നത്. സംഘര്‍ഷ മേഖലയായ ഏദനിലെയും ലഹിജ്, തായിസ് തുടങ്ങിയ ഗവര്‍ണേറ്റുകളില്‍ നിന്നും അഭയാര്‍ഥികളെ ജിബൂട്ടിയിലത്തെിക്കുകയാണ് മറ്റൊരു സംഘം ചെയ്യുന്നത്. ഒൗദ്യോഗിക അനൗദ്യോഗിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനായി ഖത്തര്‍ റെഡ്ക്രസന്‍റ് ജിബൂട്ടിയില്‍ ഒൗദ്യോഗിക മിഷന്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ്, ജിബൂട്ടി റെഡ്ക്രസന്‍റ് സൊസൈറ്റി, സനാബില്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി മറ്റു അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ഖത്തര്‍ റെഡ്ക്രസന്‍റ് സഹായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
ഏദനില്‍ സര്‍ജറി, വാസ്കുലര്‍ സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയും ഡോക്ടര്‍മാരെയും സഹായിക്കുന്നതിനും പിന്തുണക്കുന്നതിനുമായി റെഡ്ക്രസന്‍റ് പ്രത്യേക പദ്ധതി തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 500 സര്‍ജറികള്‍ക്കുള്ള ഉപകരണങ്ങളും മറ്റും ഖത്തര്‍ റെഡ്ക്രസന്‍റ് നല്‍കുകയുണ്ടായി. തായിസില്‍ 600ലധികം പരിക്കേറ്റ ആളുകളാണ് ഖത്തര്‍ റെഡ്ക്രസന്‍റിന്‍െറ കീഴില്‍ സര്‍ജറികള്‍ക്ക് വിധേയരായത്. ഏദനിലും അബയാന്‍, ലഹ്ജി, ദാലേ, തായിസ്, ഇബ്, അല്‍ ഹുദൈദ തുടങ്ങിയ പ്രദേശങ്ങളില്‍ ഡയാലിസിസ് സെന്‍ററും ക്രസന്‍റിന്‍െറ കീഴില്‍ നടക്കുന്നുണ്ട്.
 ഓബോക്കില്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി സംഘടനയുമായി സഹകരിച്ച് യമനി അഭായര്‍ഥി കുടുംബങ്ങള്‍ക്കായി 300 ഷെല്‍ട്ടറുകളും പ്രവര്‍ത്തിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. കടല്‍മാര്‍ഗം ഓബോക്കിലത്തെിക്കുന്നത് തുടരുകയാണെന്നും അടുത്ത മാസം അത് സ്ഥാപിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍കസി അഭയാര്‍ഥി ക്യാമ്പില്‍ 1,450 അഭയാര്‍ഥികള്‍ക്കായി പ്രത്യേക ആരോഗ്യപരിരക്ഷ പദ്ധതിയും നടപ്പാക്കാന്‍ ഖത്തര്‍ റെഡ്ക്രസന്‍റ് തീരുമാനിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.