ദോഹ: ദോഹയിലേക്ക് വന്നതിന്‍െറ പിറ്റേ ദിവസം കൈമാറിയതാണ് എടപ്പാള്‍ സ്വദേശി സുബൈറിന്‍െറ പാസ്പോര്‍ട്ട്. നാല് വര്‍ഷം പൂര്‍ത്തിയാകുന്ന പ്രവാസത്തിനിടെ ഇതുവരെ തിരിച്ചുകിട്ടിയില്ല. പാസ്പോര്‍ട്ട് മാത്രമല്ല, വിസയും ഇഖാമയുമൊന്നുമില്ല. ഇപ്പോള്‍ മാസങ്ങളായി ജോലിയുമില്ല.
മ കളുടെ വിവാഹം, ഉമ്മയുടെ മരണം ഇങ്ങനെ ഏതൊരു പ്രവാസിയുടെ മനസുലക്കുന്ന പലതും സംഭവിച്ചിട്ടും നാട്ടിലേക്ക് വിമാനം കയറാനായില്ല. ഇപ്പോഴിതാ ജീവിത പങ്കാളി രോഗക്കിടക്കിയിലാണ്. എങ്ങനെയെങ്കിലും നാടുപിടിക്കണമെന്ന ചിന്തയില്‍ സുബൈര്‍ മുട്ടാത്ത വാതിലുകളില്ല. സി.ഐ.ഡി ഓഫീസും എംബസിയും നിരവധി തവണ കയറിയിറങ്ങി. എങ്കിലും പ്രതീക്ഷ കൈവിടാതെ നാട്ടില്‍ പോകാനുള്ള വഴിതെളിഞ്ഞു കിട്ടാനുള്ള നെട്ടോട്ടത്തിലാണ്.
ചാവക്കാട് സ്വദേശിയായ അമ്പലക്കടവില്‍ സുബൈര്‍ എടപ്പാളിനടുത്ത ചേകനൂരിലെ താമസക്കാരനാണ്. നാട്ടില്‍ കൂലിപ്പണിയെടുത്ത് ജീവിതം മുമ്പോട്ടുപോകവെ ആകെയുള്ള ആറ് സെന്‍റ് ഭൂമിയില്‍ ഒരു വീടെന്ന സ്വപ്നമാണ് ഗള്‍ഫിലേക്ക് ചേക്കേറാന്‍ തീരുമാനമെടുപ്പിച്ചത്. ഏജന്‍റ് മുഖേന 70,000 രൂപ നല്‍കി വിസ സംഘടിപ്പിച്ചു. അബൂഹമൂറിലെ സ്വദേശിയുടെ വീട്ടില്‍ പാചകക്കാരന്‍െറ ജോലിയാണ് പറഞ്ഞിരുന്നത്. 2011 ഒക്ടോബര്‍ 24നാണ് ദോഹയിലത്തെിയത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട സുബൈറിന് പക്ഷെ കഷ്ടകാലത്തിന്‍െറ തുടക്കമായിരുന്നു അത്. രണ്ടു ദിവസത്തിനകം മെഡിക്കല്‍ കഴിഞ്ഞ് വിസ അടിച്ചുകിട്ടാന്‍ കാത്തിരുന്നു. പക്ഷെ, സ്പോണ്‍സറുടെ വീട്ടുകാരിക്ക് ഇഷ്ടമാവാത്തതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലേക്ക് കയറ്റിഅയക്കാനായിരുന്നു തീരുമാനം. ജോലിയില്‍ പ്രവേശിക്കും മുമ്പേയുള്ള തിരിച്ചപോക്കാണ് അവിടുന്ന് വിധിച്ചത്.
കഴുത്തോളം കടംവാങ്ങി വിസക്കുള്ള പണമൊപ്പിച്ച സുബൈറിന് പക്ഷെ അത് ചിന്തിക്കാനാവുമായിരുന്നില്ല. അങ്ങനെയാണ്, അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളുടെ നിര്‍ദേശപ്രകാരം ഒളിച്ചോടിയത്.
പിന്നീട് പല ജോലികള്‍ ചെയ്യുന്നതിനിടെ കുറച്ചുകാലം ശൈത്യകാലത്ത് മരുഭൂമിയിലെ സ്വദേശികളുടെ തമ്പില്‍ വാച്ച്മാനായി നിന്നു. അവിടെ നിന്ന് പരിചയപ്പെട്ട അല്‍ ഖോറിലുള്ള സ്വദേശി, പാചകക്കാരന്‍െറ വിസ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഒപ്പംകൂടി. എട്ട് മാസത്തോളം അദ്ദേഹത്തിന്‍െറ കൂടെ ജോലിചെയ്തു. സ്പോണ്‍സര്‍ സി.ഐ.ഡിയില്‍ ഏല്‍പിച്ച പാസ്പോര്‍ട്ട് അദ്ദേഹം 6,000 റിയാല്‍ പിഴയടച്ച് തിരിച്ചെടുത്തു. ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി ഈ തുക പിടിക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, വിസ അടിക്കണമെങ്കില്‍ ആദ്യത്തെ സ്പോണ്‍സര്‍ ചേഞ്ച് ഒപ്പിട്ടുനല്‍കണം. ഇതിന് ആവശ്യപ്പെട്ടപ്പോള്‍ 5,000 റിയാല്‍ നല്‍കണമെന്നായി. എന്നാല്‍, അതിന് പുതിയ സ്പോണ്‍സര്‍ തയാറായിരുന്നില്ല. അതോടെ ആ പ്രതീക്ഷയും വെറുതെയായി. അവിടത്തെ ജോലിയും മതിയാക്കേണ്ടിവന്നു. പിന്നീട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മലയാളിയുടെ കടയില്‍ ജോലി ചെയ്തു. ഒന്നര വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ മുനിസിപ്പാലിറ്റിക്കാര്‍ എത്തി കട പൂട്ടിച്ചു. അതിന് ശേഷം അല്‍ ഖോറിലത്തെി പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പാചകക്കാരനായി. പലയിടങ്ങളില്‍ ഇങ്ങനെ നിന്നാണ് ഇത്രയും കാലം ജീവിച്ചത്. ഇപ്പോള്‍ മൂന്ന് മാസത്തോളമായി എവിടെയും ജോലിയില്ല. ദോഹയില്‍ വന്ന് അധികം കഴിയുന്നതിന് മുമ്പായിരുന്നു മകളുടെ വിവാഹം. അതിന്‍െറ കടങ്ങള്‍ ഇനിയും വീട്ടിക്കഴിഞ്ഞിട്ടില്ല. അതിനിടെ, ആറ് സെന്‍റില്‍ 650 സ്ക്വയര്‍ഫീറ്റില്‍ ഒരു കൊച്ചുവീട് ഉയര്‍ന്നതാണ് ആകെയുള്ള സമാധാനം. കയറിക്കിടക്കാന്‍ മാത്രം പാകത്തില്‍ കോണ്‍ക്രീറ്റ് മാത്രമാണ് പൂര്‍ത്തിയായത്.
രണ്ട് വര്‍ഷം മുമ്പാണ് ഉമ്മ മരിച്ചത്. അനധികൃത താമസക്കാരനായതിനാല്‍ ഇവിടെയിരുന്ന് കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അതിനിടെയാണ് ഭാര്യക്ക് അസുഖം വന്നത്. ഗര്‍ഭപാത്രത്തില്‍ മുഴ വന്ന് ഓപറേഷന്‍ ചെയ്തു. പിന്നീട്, അഞ്ച് മാസം മുമ്പാണ് കിഡ്നിക്ക് രോഗം ബാധിച്ചത്. ഇതോടെയാണ് നാട്ടിലേക്ക് പോകാനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തെ എംബസി ഓപണ്‍ ഹൗസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്. അതിനിടെ സി.ഐ.ഡിയിലും നിരവധി തവണ പോയി.
സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടി. ഏതെങ്കിലും തരത്തില്‍ നാട്ടിലേക്കുള്ള വഴി തെളിയുമെന്ന് തന്നെയാണ് സുബൈറിന്‍െറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.