ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എണ്ണം : അന്തിമതീരുമാനം വര്‍ഷാവസാനം

ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷം അവസാനത്തോടെ അന്തിമ തീരുമാനമെടുക്കുമെന്ന ലോകകപ്പ് സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി വക്താവ് പറഞ്ഞു. ഇതിനകം തന്നെ അഞ്ച് സ്റ്റേഡിയങ്ങളുടെ പൂര്‍ണ വിവരങ്ങളും അതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളും രൂപരേഖയും ഖത്തര്‍ സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി പുറത്തുവിട്ടിരുന്നു. 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തര്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. സ്റ്റേഡിയങ്ങളുടെ കൃത്യമായ എണ്ണം തീരുമാനിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം ഈ വര്‍ഷം അവസാനത്തോടെ പുറത്തുവിടുമെന്നും ഖത്തര്‍ സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി വക്താവ് വ്യക്തമാക്കി. 200ലധികം ബില്യന്‍ ഡോളറാണ് ഖത്തര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ചെലവഴിക്കുന്നത്. 
അല്‍ റയ്യാന്‍, ഖലീഫ ഇന്‍റര്‍നാഷണല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, അല്‍ വക്റ സ്റ്റേഡിയങ്ങളില്‍ 40,000 കാണികളെ വരെ ഉള്‍ക്കൊള്ളാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാര്‍ട്ടല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഈ സ്റ്റേഡിയങ്ങളിലാണ് നടക്കുക. 60,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഒരു സെമി ഫൈനലെങ്കിലും നടക്കും. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം പുനരുദ്ധരണം പ്രാദേശിക കമ്പനിയായ മിഡ്മാകും ദുബൈയിലെ സിക്സ് കണ്‍സ്ട്രക്ടും ചേര്‍ന്നാണ് നടത്തുന്നത്. അല്‍ ഖോറിലെ അല്‍ ബയ്ത്ത് സ്റ്റേഡിയം ഖത്തര്‍ കേന്ദ്രമായ ഗള്‍ഫാര്‍ ആല്‍ മിസ്നദും ഇറ്റാലിയന്‍ കമ്പനിയായ സാലിനി ഇംപ്രഗില്ളോയും ചേര്‍ന്നാണ് കരാര്‍ ഏറ്റെടുത്തത്.
ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഡിയങ്ങളുടെ എണ്ണത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫുട്ബാളിന്‍െറ പരമാധികാര സമിതിയായ ഫിഫക്കെതിരെ ഫുട്ബോള്‍ വേദി നിശ്ചയിക്കുന്നതില്‍ അഴിമതിയാരോപണം വന്നതിനെ തുടര്‍ന്ന് ഖത്തര്‍ വീണ്ടും മാധ്യമങ്ങളില്‍ വിഷയമായ സന്ദര്‍ഭത്തില്‍ തന്നെയാണ് ലോകകപ്പിനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍ ആത്മവിശ്വാസത്തോടെ മുമ്പോട്ടുപോകുന്നത്. ആരോപണങ്ങള്‍ തുടരുമ്പോള്‍ തന്നെ ഖത്തര്‍ സ്റ്റേിയം നിര്‍മാണവും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതാണ് വിമര്‍ശകരെ ചൂടുപിടിപ്പിക്കുന്നത്. വിഷന്‍ 2030ന്‍െറ ഭാഗമായി തന്നെയാണ് ഖത്തര്‍ ലോകകപ്പിനെയും കാണുന്നതെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് 2022ലെ ലോകകപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.