മസ്കത്ത്: ഖത്തർ തൊഴിൽമന്ത്രി ഡോ. അലി സഈദ് സമീഖ് അൽ മർറി, മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനുള്ള ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ആശംസ കൂടിക്കാഴ്ചയിൽ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു.മാനവ വിഭവശേഷി വികസനം, പരിശീലനം, സാങ്കേതിക മേഖലകളിലെ വൈദഗ്ധ്യം കൈമാറ്റം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗം അവലോകനം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകളും ധാരണപത്രങ്ങളും സജീവമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ലോകകപ്പ് 2022ൽനിന്നുള്ള സാമ്പത്തികനേട്ടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും അവലോകനം ചെയ്തു. ജോലികൾ പ്രാദേശികവത്കരിക്കുന്നതിലും തൊഴിൽസുരക്ഷയിലെ ഒമാനി അനുഭവം പ്രയോജനപ്പെടുത്താൻ കൂടിക്കാഴ്ച ഉപകാരപ്പെട്ടെന്ന് ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി സഈദ് സമീഖ് അൽ മർറി പറഞ്ഞു. തൊഴിൽ മന്ത്രി ഡോ. മഹദ് സഈന് ബാ ഒവൈൻ, ഒമാനിലെ ഖത്തർ അംബാസഡർ ഷെയ്ഖ് ജാസിം അബ്ദുൽ റഹ്മാൻ അൽ താനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.