പ്രതിരോധം, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം; സഹകരണം ശക്തമാക്കാൻ ഒമാൻ-യു.കെ ധാരണ

മസ്‌കത്ത്: പ്രതിരോധം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ബ്രിട്ടനുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഒമാൻ. സൈനിക സഹകരണം വിപുലീകരിക്കുന്നതിനും പ്രതിരോധ വ്യവസായ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ബ്രിട്ടൻ സന്ദർശനത്തിനു പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യ, പരീക്ഷണങ്ങൾ, നൂതന ആശയങ്ങൾ, ഭാവിയിലെ സൈനിക ശേഷി വികസനം എന്നിവയിൽ സഹകരണം വർധിപ്പിക്കും. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈഫ് സരീഅ സൈനികാഭ്യാസത്തിന്റെ നാലാം ഘട്ടത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

സമുദ്രസുരക്ഷാ വിവരങ്ങൾ കൈമാറുന്നതുൾപ്പെടെയുള്ള മേഖലകളിലും സഹകരണം വിപുലീകരിക്കും. സൈബർ സുരക്ഷയിലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംയുക്ത പ്രവർത്തനം ശക്തമാക്കാനും ധാരണയായിട്ടുണ്ട്.

നിക്ഷേപത്തിലും സാങ്കേതികവിദ്യയിലും പുതിയ നീക്കങ്ങൾ

ഹരിത വ്യവസായം, എ.ഐ , ഡാറ്റ സെന്ററുകൾ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കും. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ബ്രിട്ടന്റെ ഓഫിസ് ഫോർ ഇൻവെസ്റ്റ്മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കി ദീർഘകാല സാമ്പത്തിക സഹകരണം വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഒമാനിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതിക്ക് പിന്തുണ നൽകുന്നതിനായി യു.കെ എക്സ്പോർട്ട് ഫിനാൻസ് ധനസഹായ പരിധി ഏഴ് ബില്യൺ പൗണ്ടായി ഉയർത്തിയിട്ടുണ്ട്. ഹരിത വികസനത്തിനും കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുമുള്ള പദ്ധതികളിലും ഇരു രാജ്യങ്ങളും സഹകരിക്കും. ബ്രിട്ടൻ-ഗൾഫ് സഹകരണ കൗൺസിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് നടപ്പാക്കുന്നതോടെ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ബഹിരാകാശ ഗവേഷണം, നവീകരണം, വാണിജ്യ പങ്കാളിത്തം എന്നിവയിലും സഹകരണം വർധിപ്പിക്കും. ഒമാന്റെ വിഷൻ 2040 ലക്ഷ്യങ്ങളുമായി ചേർന്ന് സാമ്പത്തിക വൈവിധ്യവൽക്കരണവും ആധുനിക വ്യവസായ വികസനവും വേഗത്തിലാക്കുകയാണ് പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

Tags:    
News Summary - Defence, Investment, and Tech Partnership: Oman and UK Agree to Strengthen Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.