മസ്കത്ത്: മനഷ്യക്കടത്ത് കൂടുതൽ ഫലഫ്രദമായി തടയാൻ ഒമാൻ പുതിയ നിയമം തയാറാക്കുന്നു. പുതിയ കരട് നിയമത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി (എൻ.സി.സി.എച്ച്.ടി) ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു. അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെയും യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസിന്റെയും (യു.എൻ.ഒ.ഡി.സി) സഹകരണത്തോടെയാണിത്.
മനുഷ്യക്കടത്തിനെതിരെയുള്ള ലോക ദിനാചരണം ഒമാനിൽ വിവിധ പരിപാടികളോടെ നടക്കും. ജൂലൈ 30ന് ആണ് മനുഷ്യക്കടത്തിനെതിരായ ലോക ദിനമായി ആചരിക്കുന്നത്. മനുഷ്യക്കടത്ത് തടയാൻ ഒമാൻ നിരന്തരമായ ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ കുറ്റകൃത്യം ഇല്ലാതാക്കാൻ പ്രത്യേക നിയമനിർമാണം അംഗീകരിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സുൽത്താനേറ്റ്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെറുക്കുന്നതിൽ ഒമാൻ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു. മാനുഷിക തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണിത്.
ഈ കുറ്റകൃത്യത്തെ ചെറുക്കുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ സഹകരണം ആവശ്യമാണ്. ഈ പ്രതിഭാസത്തെ നേരിടാൻ മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര, പ്രാദേശിക നിയമങ്ങൾ, ഉടമ്പടികൾ, കൺവെൻഷനുകൾ എന്നിവക്ക് അനുസൃതമായി ഒമാൻ പ്രവർത്തിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടത്ത് തടയുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ദേശീയ- അന്തർദേശീയ തലങ്ങളിൽ സിവിൽ സമൂഹത്തിലെ പങ്കാളികളുമായുള്ള സഹകരണത്തിന്റെ ചട്ടക്കൂടിലാണ് സമിതി പ്രവർത്തിക്കുന്നത്.
ഈ കുറ്റകൃത്യത്തെ ചെറുക്കാൻ ഒമാൻ നടത്തുന്ന ശ്രമങ്ങളെ ഗൾഫ് സഹകരണ കൗൺസിലിനായുള്ള യു.എൻ.ഒ.ഡി.സി റീജിയനൽ ഓഫിസിന്റെ റീജിയനൽ പ്രതിനിധി ജഡ്ജി ഡോ. ഹതേം അലി അഭിനന്ദിച്ചു.2021ൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന മനുഷ്യക്കടത്തിനെതിരായ ഒരു ഉന്നതതല അന്താരാഷ്ട്ര മീറ്റിങ്ങിൽ, നിയമപരമായ എല്ലാ മാർഗങ്ങളിലൂടെയും ഈ പ്രതിഭാസത്തെ ഉന്മൂലനം ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് ഒമാൻ അടിവരയിട്ട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.