മസ്കത്ത്: ഒമാനിൽ ശൈത്യകാലമെത്തി. കാലാവസ്ഥ ശാസ്ത്രപ്രകാരം വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ശൈത്യ കാലം മാർച്ച് 21നാണ് അവസാനിക്കുക. 88 ദിവസവും 23 മണിക്കൂറും 36 മിനിറ്റുമാണ് ഈ വർഷത്തെ ശൈത്യകാലമുണ്ടാവുക. ഇതോടെ ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ പ്രദേശങ്ങൾ തണുത്തുവിറക്കാൻ തുടങ്ങിയെങ്കിലും മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിൽ തണുപ്പ് ശക്തമായിട്ടില്ല. മസ്കത്ത് ഗവർണറേറ്റിൽ അടുത്ത ആഴ്ചയിലും സമാന കാലാവസ്ഥ തുടരും. 20 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇപ്പോഴും മസ്കത്ത് ഗവർണറേറ്റിലെ അന്തരീക്ഷ ഊഷ്മാവ്. അടുത്ത ആഴ്ചയിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ശൈത്യകാലം ആരംഭിച്ചതോടെ രാവിന്റെ നീളവും വർധിച്ചു. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും ദൈർഘ്യം കുറഞ്ഞ പകലും വ്യാഴാഴ്ചയായിരുന്നു. 10 മണിക്കൂറും 41 മിനിറ്റും ദൈർഘ്യമുള്ളതാണ്.ഒമാന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില അനുഭവപ്പെട്ടു. ജബൽ ശംസിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. ദാഖിലിയ്യ ഗവർണറേറ്റിലെ ജബൽ ശംസിൽ കഴിഞ്ഞ ദിവസം മൈനസ് 0.4 താപനിലയാണ് അനുഭവപ്പെട്ടത്.
തെക്കൻ ശർഖിയ്യയിലെ സൈഖിൽ 6.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂനയിൽ 10.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ മുഖ്ഷിനിൽ 10.8 ഡിഗ്രി സെൽഷ്യസും അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ 13.1 ഡിഗ്രി സെൽഷ്യസുമാണ് അന്തരീക്ഷ താപനില. ഒമാന്റെ ചില ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമാകാനും അൽ ഹജർ പർവതനിരകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാനിൽ ഏറെ സുന്ദരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മസ്കത്ത് അടക്കമുള്ള പല ഭാഗങ്ങളിലും അമിതമായ തണുപ്പോ അമിതമായ ചൂടോ അനുഭവപ്പെടുന്നില്ല. ഇത് വിനോദസഞ്ചാര മേഖലക്ക് ഏറെ അനുഗ്രഹമാവും.സുഖകരമായ കാലാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയതോടെ വിനോദസഞ്ചാരികൾ എത്തുന്നതും വർധിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിലും മറ്റും പ്രാദേശിക വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതോടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.