ഷുഹൈബ് അബ്ദുൽ കരീം, ഖസബ്
‘കേവലം റോഡ് ടാറിങ്ങിനും കെട്ടിടങ്ങൾക്കും അപ്പുറം മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികളാണ് നമുക്ക് വേണ്ടത്. നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ഹൈടെക്കാവണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ, വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കർഷകർക്ക് ലഭിക്കണം. ദിനംപ്രതി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്ന് യുവതലമുറയെ രക്ഷിക്കാൻ കായികവിനോദങ്ങൾക്ക് വലിയ പ്രാധാന്യം നൽകണം..’
നാടുകാണി ചുരം ഇറങ്ങി വരുന്ന കോടമഞ്ഞിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഗ്രാമത്തിൽ നിറയുന്ന സുന്ദരമായ കാലം. മലപ്പുറത്തിന്റെ കിഴക്കൻ അതിർത്തിയായ എന്റെ വഴിക്കടവിൽ തെരഞ്ഞെടുപ്പ് വെറുമൊരു രാഷ്ട്രീയ പോരാട്ടമല്ല, അതൊരു ജനകീയ ഉത്സവമാണ്. പണ്ട് ജീപ്പിൽ കെട്ടിയ ഉച്ചഭാഷിണിയിലൂടെയുള്ള അനൗൺസ്മെന്റുകളും അങ്ങാടികളിലെ ചൂടുള്ള ചർച്ചകളും മതിലുകളിലെ ചുവരെഴുത്തുകളും നോക്കി നടന്ന കുട്ടിക്കാലം ഓരോ പ്രവാസിയുടെയും ഉള്ളിലുണ്ടാകും. ഇന്ന് കടലിനക്കരെയിരുന്ന് വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നാടിന്റെ ആവേശം കാണുമ്പോഴും ആ തിരക്കുകളിൽ നേരിട്ട് പങ്കുചേരാൻ കഴിയാത്തതിന്റെ വലിയൊരു നൊമ്പരം മറ്റെല്ലാ പ്രവാസികളെയും പോലെ എനിക്കും ബാക്കിയാവുന്നു...
തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും രസകരമായ കാഴ്ച ചില സ്ഥാനാർഥികളുടെ ആ പെട്ടെന്നുള്ള മാറ്റമാണ്. അതുവരെ നമ്മളെ കണ്ടാൽ ഒന്ന് തലയാട്ടാൻ മടിയുള്ളവർ പോലും നാട്ടിലെ കല്യാണവീടുകളിലും മരണവീടുകളിലും പൊതുസ്ഥലങ്ങളിലും ഒക്കെ എത്തി കാണിക്കുന്ന ഒരു ‘സേവന മനഃസ്ഥിതിയും സ്നേഹവും’ കാണുമ്പോൾ ചിരി വരാറുണ്ട്. അഞ്ചുവർഷത്തെ സ്നേഹം ഒന്നിച്ചെടുക്കുന്ന ആ രണ്ടാഴ്ചക്കാലം..
വികസനത്തിന്റെ കാര്യത്തിൽ വഴിക്കടവ് പഞ്ചായത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. കേവലം റോഡ് ടാറിങ്ങിനും കെട്ടിടങ്ങൾക്കും അപ്പുറം മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികളാണ് നമുക്ക് വേണ്ടത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ, വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കർഷകർക്ക് ലഭിക്കണം. ദിനംപ്രതി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്ന് യുവതലമുറയെ രക്ഷിക്കാൻ കായികവിനോദങ്ങൾക്ക് വലിയ പ്രാധാന്യം നൽകണം. അതിനായി, പാലാട് മിനി സ്റ്റേഡിയം പോലെയുള്ള പൊതു കളിസ്ഥലങ്ങൾ എത്രയും പെട്ടെന്ന് നവീകരിച്ച് മെച്ചപ്പെട്ടതാക്കേണ്ടത് അത്യാവശ്യമാണ്.
മികച്ച ചികിത്സക്കായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥ മാറി, നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ഹൈടെക് ആവേണ്ടതുണ്ട്. ഒപ്പം, പുന്നപ്പുഴയുടെ സൗന്ദര്യവും ഇക്കോ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്തിയാൽ വഴിക്കടവിന്റെ മുഖച്ഛായ തന്നെ മാറും.
വരും തലമുറക്കായി വിദ്യാഭ്യാസ രംഗത്തും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കണം. കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിനെ സ്നേഹിക്കുന്നവർ ഭരണത്തിലേറട്ടെ. വോട്ട് ചെയ്യാൻ നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും, മനസ്സ് കൊണ്ട് ഞാനും എന്റെ നാടിന്റെ ഈ ജനാധിപത്യ ഉത്സവത്തിനൊപ്പമുണ്ട്. ജയിക്കുന്നത് ആരായാലും, വിജയിക്കുന്നത് നമ്മുടെ വഴിക്കടവാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.