മസ്കത്ത്: ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അനിയന്ത്രിതമായി ഉയർന്ന വൈദ്യുതി ബിൽ പ്രശ്നത്തിന് പരിഹാരമുണ്ടായതിന് തൊട്ടുപിറകെ ജലവിതരണ ബില്ലുകളും ക്രമീകരിക്കണമെന്ന ആവശ്യം ഉയരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഉയർന്ന മുറവിളി കാരണം അധികൃതർ ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി സബ്സിഡി 15 ശതമാനത്തിൽനിന്ന് 30 ആയി വർധിപ്പിച്ചിരുന്നു. എല്ലാ വിഭാഗക്കാർക്കും പ്രയോജനമാകുന്ന ഈ തീരുമാനം ഉപഭോക്താക്കൾ പരക്കെ സ്വാഗതം ചെയ്തു. വേനൽ മാസങ്ങളായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സബ്സിഡി താമസ വിഭാഗത്തിൽപെട്ട എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുകയും ചെയ്യും. എന്നാൽ, വെള്ളത്തിന്റെ ബില്ലുകളിൽ കാണുന്ന അസന്തുലിതത്വവും തെറ്റായ മീറ്റർ റീഡിങ് മൂലമുണ്ടാവുന്ന പ്രയാസങ്ങളും പരിഹരിക്കണമെന്ന ആവശ്യവും ശക്തമായി.
ബില്ലുകൾ ചിലപ്പോൾ ന്യായീകരിക്കാൻ പറ്റാത്ത രീതിയിൽ ഉയരുന്നതായി ഉപഭോക്താക്കൾ പറയുന്നു. ഒന്നുകിൽ മീറ്ററിന്റെ തകരാർ, അല്ലെങ്കിൽ റീഡിങ്ങിലെ തെറ്റ് എന്നിവയാണ് ഇതിന് കാരണമെന്ന് ഉപഭോക്താക്കൾ പറയുന്നത്. ശരാശരി വെള്ള ബിൽ 20 റിയാലിൽനിന്ന് 275 റിയാലായി ഉയർന്നതായി അമീറാത്തിലെ താമസക്കാരൻ പറയുന്നു. ഇത് എങ്ങനെ ഉയരുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. മീറ്റർ റീഡിങ് കൃത്യമായി എടുക്കാത്തതാണ് പ്രധാന കാരണം. ചിലപ്പോൾ ശരാശരി റീഡിങ് അടിസ്ഥാനത്തിലും ബില്ലുകൾ ഇടാറുണ്ട്.
ചിലരുടെ ബില്ലുകൾ 850 റിയാൽ വരെ ഉയർന്നതായി മറ്റൊരു ഉപഭോക്താവ് പരാതിപ്പെട്ടു. ഇത് പലർക്കും സംഭവിക്കുന്നുണ്ട്. ഈ വിഷയത്തിൽ നടപടി ഉണ്ടാകണമെന്ന് മസ്കത്തിലെ താമസക്കാരൻ പറഞ്ഞു.
വെള്ളത്തിന്റെ ബിൽ പത്ത് റിയാലിന് താഴെയായിരുന്നുവെന്നും ഇപ്പോൾ ബിൽ 200 റിയാലായി ഉയർന്നതായും അൽ അമിറാത്തിലെ മറ്റൊരു താമസക്കാരനും പറഞ്ഞു.ഇത്തരം പരാതികൾ പരിഹരിക്കാൻ ദിആം ഓഫിസുമായി ബന്ധപ്പെടണമെന്ന് ഒ.ഐ.എഫ്.സി, ദിആം എന്നിവയിലെ ഉദ്യോഗസ്ഥർ നിർദേശിച്ചു. ദിആം പ്രധാന ഓഫിസ് സന്ദർശിച്ചാൽ കൃത്യമായ മീറ്റർ റീഡിങ്ങുകൾ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, ആപ്ലിക്കേഷൻ വഴി നൽകുന്ന പരാതികൾ പരിഹരിക്കപ്പെടാറില്ലെന്ന് ചില ഉപഭോക്താക്കൾ പറഞ്ഞു. പ്രധാന ഓഫിസിൽ പരാതി നൽകിയിട്ടും പരിഹാരമൊന്നുമുണ്ടായിട്ടില്ലെന്നും അവസാനം വെള്ളം വിച്ഛേദിക്കപ്പെടുകയാണുണ്ടായതെന്നും മറ്റൊരു ഉപഭോക്താവ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ദിആമിനെ അറിയിച്ചതിനെ തുടർന്ന് പുതിയ വെള്ള ബില്ലുകൾ നൽകാൻ തുടങ്ങിയതായി ചില ഉപഭോക്താക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.