ഇ.എം. ബദറുദ്ദീൻ, പ്രകാശ് ഗോവിന്ദൻ
മസ്കത്ത്: മലിനജല സംസ്കരണ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒമാനിലെ മുൻനിര ജല, മലിനജല സംസ്കരണ-അറ്റകുറ്റപ്പണി കമ്പനിയായ മസ്കത്ത് പ്രൊജക്ട്സ് ആൻഡ് എൻവയേൺമെന്റൽ സർവിസസ് എൽ.എൽ.സി ഗ്രേഡിയന്റ് ഇന്റർനാഷനൽ ഓവർസീസ് പി.ടി.ഇ ലിമിറ്റഡുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. വ്യവസായിക മലിനജല ശുദ്ധീകരണ രംഗത്ത് ആഗോള തലത്തിൽ മുൻനിരയിലുള്ള കമ്പനിയാണ് ഗ്രേഡിയന്റ്.
സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ രീതിയിലൂടെ ജലസംസ്കരണം എന്ന ലക്ഷ്യവുമായി മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിങ് പി.എച്ച്.ഡി ധാരികളായ അനുരാഗ് ബാജ്പേയിയും പ്രകാശ് ഗോവിന്ദനും 2013ൽ ആരംഭിച്ചതാണ് ഗ്രേഡിയന്റ് കമ്പനി.
ഒരു സ്റ്റാർട്ട് അപ്പിൽ തുടങ്ങി ജല, മലിനജല സംസ്കരണ രംഗത്ത് നവീനമായ സാങ്കേതിക വിദ്യകളിലൂടെ ആഗോളതലത്തിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സ്ഥാപനമാണ് ഗ്രേഡിയന്റ്. അമേരിക്കയിലെ ബോസ്റ്റണിലാണ് കമ്പനിയുടെ ആഗോള ആസ്ഥാനം.
ഒമാനിലെ ആദ്യകാല സംരംഭകരിലൊരാളായ ഇ.എം. ബദറുദ്ദീന്റെ മനസിൽ ഉടലെടുത്ത ബിസിനസ് ആശയമാണ് മസ്കത്ത് പ്രൊജക്ട്സ് ആൻഡ് എൻവയേൺമെന്റൽ സർവീസസ് എൽ.എൽ.സി എന്ന ഒമാനിലെ മുൻനിര വേസ്റ്റ് വാട്ടർ മാനേജ്മെന്റ് (എം.പി.ഇ.എസ്) കമ്പനിയായി വളർന്നുനിൽക്കുന്നത്. 2008ലാണ് എം.പി.ഇ.എസിന്റെ തുടക്കം. കേവലം ഒരു ബിസിനസ് ആശയത്തിൽ തുടങ്ങിയ ഒറ്റയാൾ കമ്പനി 14 വർഷങ്ങൾക്കിപ്പുറം 400 ജീവനക്കാരുള്ള ബിസിനസ് സ്ഥാപനമായി വളർന്നു.
മലിനജല സംസ്കരണ പ്ലാന്റുകളുടെ രൂപകൽപന, സ്ഥാപിക്കൽ, കമീഷനിങ്, അറ്റകുറ്റപ്പണി, പ്രവർത്തനം തുടങ്ങിയ രംഗങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനം. ഹയ വാട്ടർ, റോയൽ ഒമാൻ പൊലീസ്, പി.ഡി.ഒ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ധാരാളം സ്വകാര്യ സ്ഥാപനങ്ങൾക്കും എം.പി.ഇ.എസ് സേവന ദാതാവാണ്.
ഗ്രേഡിയന്റുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ പ്രവർത്തന മേഖല പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കടക്കം വിപുലപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എം.പി.ഇ.എസ് മാനേജിങ് ഡയറക്ടർ ഇ.എം ബദറുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.