മസ്കത്ത്: വിമാനത്താവളത്തിന് സമീപം കാറിന് തീപിടിച്ചു. മസ്കത്ത് വിമാനത്താവള എക്സിറ്റിന് സമീപം വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. സീബിൽനിന്ന് മസ്കത്ത് ഭാഗത്തേക്ക് വരുകയായിരുന്ന ലാൻഡ് ക്രൂയിസറാണ് കത്തിനശിച്ചത്. ഒാട്ടത്തിനിടെ തീപിടിച്ചതാണെന്ന് കരുതുന്നു. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ മസ്കത്ത് ഗവർണറേറ്റിൽ ഒാട്ടത്തിനിടെ കാർ കത്തിനശിച്ച നാലാമത്തെ സംഭവമാണിത്. അൽഖൂദ്, മബേല, അമിറാത്ത്-ബോഷർ റോഡ് എന്നിവിടങ്ങളിലാണ് ഇൗ വർഷം വേനൽ ആരംഭിച്ച ശേഷം കാർ കത്തിനശിച്ചത്.
വേനലിൽ കാറിന് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഉടമകൾ മുൻകരുതലുകൾ എടുത്താൽ അപകടാവസ്ഥ ഒഴിവാക്കാം. 2015ൽ 652 കാറിലെ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2016ൽ അത് 730 ആയി ഉയർന്നു. വാഹനങ്ങൾക്ക് കൃത്യമായ സർവിസും അറ്റകുറ്റപ്പണിയും നടത്തുകയും കേടായതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ ഭാഗങ്ങൾ യഥാസമയം മാറ്റുകയും വേണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
എൻജിനുമായി ബന്ധപ്പെട്ടത് അടക്കം ഭാഗങ്ങൾക്ക് തകരാറുകൾ ഉണ്ടായാൽ അത് ഇന്ധനചോർച്ചക്കും അഗ്നിബാധക്കും വഴിവെക്കാനിടയുണ്ട്. വാഹനത്തിലിരുന്നുള്ള പുകവലിയും ഒഴിവാക്കണം. ദീർഘദൂരയാത്രകളിൽ വാഹനം അമിതമായി ചൂടാകുന്ന സാഹചര്യം ഒഴിവാക്കാൻ ഇടക്കിടെ നിർത്തിയിടുന്നത് നല്ലതാകും. അധിക ഭാഗങ്ങൾ ഘടിപ്പിക്കുന്നത് എൻജിനിലെ ഇലക്ട്രിക്കൽ ലോഡ് അധികമാകാനും അതുവഴി തീപിടിത്തത്തിനും കാരണമാകും. കാർ കൂളറും ഇലക്ട്രിക്കൽ വയറിങ്ങുമായും ബന്ധപ്പെട്ട ഭാഗങ്ങൾ ഒരു കാരണവശാലും നിലവാരം കുറഞ്ഞതാവുകയും ചെയ്യരുത്. വാഹനം പകൽസമയത്ത് ബ്രേക്ക്ഡൗൺ ആകുന്ന പക്ഷം വെയിലത്ത് നിർത്തിയിടുന്നത് ഒഴിവാക്കണം. സാധ്യമെങ്കിൽ കാർബാറ്ററിയും എൻജിനുമായുള്ള ബന്ധം വിച്ഛേദിക്കുകയും വേണമെന്ന് സിവിൽ ഡിഫൻസ് ഉണർത്തി. അടിയന്തര സഹായം ആവശ്യമുള്ളവർ 9999 എന്ന നമ്പറിലോ 24343666 എന്ന നമ്പറിലോ ബന്ധപ്പെടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.