ട്വന്‍റി 20 ലോകകപ്പ്​: സൂപ്പർ ഓവറിൽ വിജയം ​കൈവിട്ട്​ ഒമാൻ

മസ്കത്ത്​: ട്വന്‍റി 20 ലോകകപ്പിൽ സൂപ്പർ ഓവറിലേക്ക്​ നീണ്ട ആദ്യ മത്സരത്തിൽ ഒമാൻ വിജയം കൈവിട്ടു. നമീബിയോട്​ 11 റൺസിനാണ്​ അടിയറവ്​ പറഞ്ഞത്​. ടോസ്​ നേടിയ നമീബിയ ഒമാനെ ബാറ്റിങ്ങിനയക്കുയായിരുന്നു. നിശ്​ചിത ഓവറിൽ ഒമാൻ ​ 109 റൺസാണെടുത്തത്​. അനായാസ ജയം പ്രതീക്ഷിച്ചു മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയയെ ഒമാൻ ബൗളർമാർ കണിശമാർന്ന ബൗളിങ്ങിലൂടെ ഇതേ സ്​കോറിനുതന്നെ പിടിച്ച്​ കെട്ടുകയായിരുന്നു.ഇതോടെയാണ്​ കളി സൂപ്പർ ഓവറിലേക്ക്​ നീങ്ങിയത്​. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ ഡേവിഡ് വീസും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസിന്‍റെയും മികവിൽ 21 റണ്‍സാണ്​ അടിച്ചെടുത്തത്​. 22 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് 10 റണ്‍സ് മാത്രമേ നേടാൻ സാധിച്ചൊള്ളു.

നേരത്തെ ആദ്യം ബാറ്റ്​ ​ചെയ്ത ഒമാന്​ മുൻനിര ബാറ്റർമാർ തിളങ്ങാതെപോയതാണ്​ തിരിച്ചടിയായത്​. സ്​കോർബോർഡ്​ തെളിയും മുമ്പേ രണ്ടുപേർ പവിലിയനിൽ എത്തിയിരുന്നു. പിന്നീട്​ വന്ന ഖാലിദ്​ കെയിൽ (34), സീഷാൻ മഖ്​സൂദ്​ (22), അയാൻ ഖാൻ (15) എന്നിവരുടെ ചെറുത്തുനിൽപ്പാണ്​ ​സാമാന്യം ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. കുറഞ്ഞ സ്​കോറിായിരുന്നെങ്കിലും ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ വിജയത്തോടടുത്ത മത്സരം ഒടുവിൽ കൈവിടുകയായിരുന്നു. അവസാന ഓവറില്‍ നമീബിയക്ക് ജയിക്കാന്‍ അഞ്ചു റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്​. എന്നാൽ, മെഹ്‌റാന്‍ ഖാന്‍ നാലു റണ്‍സ് മാത്രം വഴങ്ങി ഫ്രൈലിങ്ക്​, സെയ്ന്‍ ഗ്രീനി എന്നിവരെ പുറത്താക്കി വിജയ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ വിക്കറ്റ് കീപ്പര്‍ നസീം ഖുഷി വരുത്തിയ പിഴവാണ് കളി സമനിലയിലാക്കിയത്​. ഒമാന് വേണ്ടി മെഹ്‌റാൻ ഖാൻ ഏഴു റൺസിന്‌ മൂന്നും ബിലാൽ ഖാൻ, ആഖിബ് ഇല്യാസ്, അയാൻ ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

48 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ഫ്രൈലിങ്കാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത നിക്കോളാസ് ഡാവിനും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരെ കൂടാതെ 16 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ജെര്‍ഹാര്‍ഡ് എറാസ്മസ് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ട്രംപല്‍മാനാണ് ഒമാനെ തകര്‍ത്തത്. ഡേവിഡ് വീസ് മൂന്നു വിക്കറ്റും സ്വന്തമാക്കി. ഒമാന്‍റെ അടത്തമത്സരം വ്യാഴാഴ്ച പുലർച്ചെ 4.30ന്​ മുൻചാമ്പ്യൻമാരായ ആസ്‌ത്രേലിയക്ക് എതിരെയാണ്.

Tags:    
News Summary - Twenty20 World Cup: Oman lost in Super Over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.