മനാമ: ജി.സി.സി കൂടിയാലോചന യോഗത്തിലും മധ്യേഷ്യ-ജി.സി.സി സംയുക്ത ഉച്ചകോടിയിലും പങ്കെടുക്കാൻ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ കഴിഞ്ഞ ദിവസം സൗദിയിലെത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുക. 18 മത് ജി.സി.സി ഭരണാധികാരികളുടെ കൂടിയാലോചനയും ജി.സി.സി-മധ്യേഷ്യ സി 5 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മക്ക ഗവർണർ പ്രിൻസ് ബദ്ർ ബിൻ സുൽതാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവി, ജിദ്ദ ഗവർണറേറ്റ് സെക്രട്ടറി, മക്ക പൊലീസ് ഡയറക്ടർ, സൗദിയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 18ാ മത് ജി.സി.സി നേതാക്കളുടെ കൂടിയാലോചനാ യോഗത്തിലും ജി.സി.സി-മധ്യേഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിന് ഹമദ് രാജാവിനെ പ്രതിനിധാനംചെയ്ത് സൗദിയിലെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുള്ളതായി അദ്ദേഹം പറഞ്ഞു.
ജി.സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേതാക്കളെ കാണാനും അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും സാധിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന സൗദി ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.