ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ; വിപണിയിൽ ആഘോഷത്തിരക്ക്

മസ്കത്ത്: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഗൾഫ് നാടുകൾ ഒരുങ്ങി. ഒമാനിലെ മസ്കത്ത് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വീടുകളും സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ അണിയിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പ്രവാസി സമൂഹം.

ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ആഘോഷത്തിനാവശ്യമായ സാധനങ്ങളുമായി ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് സെന്ററുകളും സജീവമായി. ദീപാവലി അലങ്കാര വസ്തുക്കൾക്കായി പ്രത്യേക കൗണ്ടറുകളും വിപണന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. മൺചിരാതുകൾ, അലങ്കാര വിളക്കുകൾ, മെഴുകുതിരികൾ, വർണവിളക്കുകൾ, തൂക്കുവിളക്കുകൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതും ദീപാവലി ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ്. വാതിൽപ്പടികൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന തോരണങ്ങൾ, പ്ലാസ്റ്റിക് പൂക്കൾ, മാവിലകൾ, ദീപാവലി സ്റ്റിക്കറുകൾ, സോളാർ വിളക്കുകൾ, ഡിജിറ്റൽ അലങ്കാര സംവിധാനങ്ങൾ എന്നിവക്കും ആവശ്യക്കാരേറെയാണ്. ദീപാവലി ദിവസങ്ങളിൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന പ്രദേശങ്ങൾ വർണവിളക്കുകളുടെയും ദീപങ്ങളുടെയും പ്രഭയിൽ മുങ്ങിനിൽക്കും.

ദീപാവലി പൂജകൾക്കായി ഫ്രഷ് പൂക്കൾക്കും ആവശ്യക്കാരേറെയാണ്. രണ്ട് ടണ്ണിലധികം പൂക്കൾ ഇന്ത്യയിൽനിന്ന് ഒമാനിലെത്തുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ക്ഷേത്രങ്ങളിലെ പൂജകൾക്കാവശ്യമായ പൂക്കളും പ്രത്യേകമായി എത്തിക്കും. ലുലു, നെസ്റ്റോ തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളിൽ ദീപാവലി ആഘോഷത്തിനാവശ്യമായ ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മധുരപലഹാരങ്ങൾക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

സ്വർണം, മധുരപലഹാരങ്ങൾ, പടക്കങ്ങൾ എന്നിവയാണ് ദീപാവലി വിപണിയിലെ പ്രധാന വ്യാപാര മേഖലകൾ. ഒമാനിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ സ്വർണത്തിനും മധുരപലഹാരങ്ങൾക്കുമാണ് കൂടുതൽ വിപണി പ്രതീക്ഷിക്കുന്നത്.

ദീപാവലിക്ക് മുന്നോടിയായുള്ള ധന്തേരാസ് ദിനം വെള്ളിയാഴ്ചയാണ് . ഈ ദിവസം സ്വർണം വാങ്ങുന്നത് വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇതിന്റെ ഭാഗമായി സ്വർണക്കടകളും പ്രത്യേക ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കടകൾ അലങ്കരിച്ചും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചും പണിക്കൂലിയിൽ ഇളവുകൾ നൽകിയും ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. സ്വർണവിലയിലെ സമീപകാല ഇടിവും ഇത്തവണത്തെ കച്ചവടത്തിന് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ദീപാവലി വിപണിയിൽ മധുരപലഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അതിഥികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മധുരം വിതരണം ചെയ്യുന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. ഉത്തരേന്ത്യൻ വ്യാപാരികൾ ഇടപാടുകാർക്കും ജീവനക്കാർക്കും ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ സമ്മാനിക്കാറുണ്ട്.

ജിലേബി, ലഡ്ഡു, രസഗുള, ഗുലാബ് ജാമുൻ, പേട, ബർഫി, കാജു കട്ലി, ഹൽവ തുടങ്ങി നൂറിലധികം വിഭവങ്ങളാണ് ബേക്കറികളിൽ ദീപാവലിയോടനുബന്ധിച്ച് ഒരുക്കുന്നത്. ഗുജറാത്തി വ്യാപാരികളുടെ കടകളിലും വെജിറ്റേറിയൻ ഹോട്ടലുകളിലും മധുരപലഹാരങ്ങൾക്ക് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധുക്കൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇടപാടുകാർക്കും വിതരണം ചെയ്യുന്നതിനായി പ്രത്യേക പാക്കറ്റുകളിൽ വലിയ ഓർഡറുകളും ലഭിക്കുന്നുണ്ട്.

പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ നിയമങ്ങൾ പാലിച്ചാണ് ഒമാനിലെ ആഘോഷങ്ങൾ. ദീപങ്ങളും വർണവിളക്കുകളും തെളിച്ചും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചുമാണ് പ്രവാസികൾ ദീപാവലി ആഘോഷിക്കാനൊരുങ്ങുന്നത്. പ്രവാസത്തിന്റെ അതിരുകൾക്കപ്പുറം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ആഘോഷത്തിനായി ഇന്ത്യൻ സമൂഹം ഒന്നടങ്കം കാത്തിരിക്കുകയാണ്.

Tags:    
News Summary - Oman gets ready to welcome Diwali; festive rush in markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.