മസ്കത്ത്: കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ഇതുവരെ വാക്സിനെടുത്ത ആർക്കും കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അപൂർവം ആളുകൾക്ക് ചെറിയ പനിയും ചെറിയ അലർജിയും മാത്രമാണ് ഉണ്ടായത്. പാർശ്വഫലങ്ങൾ പേടിച്ച് വാക്സിൻ എടുക്കാതെ ഇരിക്കുന്നവരുണ്ട്. വാക്സിനെ കുറിച്ച പൊതുജനാവബോധം വളരുന്നതിന് സമയമെടുക്കുമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
കഴിഞ്ഞ ഞായാഴ്ചയാണ് ഒമാനിൽ കോവിഡ് വാക്സിനേഷന് ഒൗദ്യോഗിക തുടക്കമായത്. മൂന്നുദിവസത്തിനിടെ 3363 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടതിെൻറ 15.7 ശതമാനമാണിത്. മസ്കത്തിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ നടത്തിയത്. 818 പേരാണ് ഇവിടെ കുത്തിവെപ്പ് നടത്തിയത്.
65 വയസ്സിന് മുകളിലുള്ള പ്രമേഹ ബാധിതർ, ഗുരുതര ശ്വാസകോശ രോഗബാധിതർ, വൃക്ക തകരാറിലായി ഡയാലിസിസിന് വിധേയരാകുന്ന സ്വദേശികൾ, വിദേശികൾ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതുകൂടാതെ െഎ.സി.യു ജീവനക്കാരായ ആരോഗ്യപ്രവർത്തകർ, കോവിഡ് വാർഡിൽ ജോലി ചെയ്യുന്നവർ, പ്രമേഹവും അമിതവണ്ണവും ഗുരുതര രോഗങ്ങളുമുള്ള ആരോഗ്യപ്രവർത്തകർ എന്നിവരും മുൻഗണന പട്ടികയിൽ ഉള്ളവരാണ്. ഇൗ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായാണ് വാക്സിൻ നൽകുക. ഇൗ വിഭാഗങ്ങളിലുള്ളവർ അവസാന സമയത്തിന് കാത്തുനിൽക്കാതെ എത്രയും വേഗം കുത്തിവെപ്പ് നടത്തണം.
ആദ്യ ഡോസ് സ്വീകരിച്ചവർ 21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കണം. ഒന്ന് മാത്രമായി എടുക്കുന്നതുകൊണ്ട് കാര്യമില്ല. രണ്ടാമത്തെ ഡോസ് എടുത്ത് ഏഴു ദിവസത്തിന് ശേഷമാണ് വാക്സിൻ പ്രവർത്തിച്ച് തുടങ്ങുക. അതിനുമുമ്പ് കോവിഡ് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കാണുന്ന പക്ഷം ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണം. മുഖാവരണം ധരിക്കുന്നതടക്കം പ്രതിരോധ നടപടികൾ പാലിക്കാനും മറക്കരുത്. ഉൗഹാപോഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും വാക്സിനുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമാണ് കണക്കിലെടുക്കാൻ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷന് കൂടുതൽ സ്ഥലങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സീബ് സ്പെഷലിസ്റ്റ് കോംപ്ലക്സ്, ബോഷർ സ്പെഷലിസ്റ്റ് കോംപ്ലക്സ്, അമിറാത്ത് ഹെൽത്ത് സെൻറർ, മസ്കത്ത് ഹെൽത്ത് സെൻറർ, അൽ മബേല ഹെൽത്ത് സെൻറർ, അൽ ഖുവൈർ ഹെൽത്ത് സെൻറർ, ഖുറിയാത്ത് ഹെൽത്ത് കോംപ്ലക്സ്, റൂവി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ കുത്തിവെപ്പ് ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.