ലഹരിവിരുദ്ധ ബോധവൽകരണ കാമ്പയിനുമായി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ

മസ്‌കത്ത്: കേരള സർക്കാറിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ലഹരിവിരുദ്ധ ബോധവൽകരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ലഹരിമുക്ത സമൂഹ സൃഷ്ടിക്കായുള്ള സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കാമ്പയിൻ. ആരംഭകാലം മുതൽ തന്നെ ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ, യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനായി ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ കായിക പരിപാടികൾ സംഘടിപ്പിക്കുകയും, രക്തദാന പ്രവർത്തനങ്ങളിലൂടെ സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമറിയിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.

‘ലഹരിയല്ല, ജീവിതമാണ് തിരഞ്ഞെടുക്കേണ്ടത്’ എന്ന സന്ദേശവുമായി, ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനും, യുവതലമുറയെ സുരക്ഷിത ഭാവിയിലേക്ക് നയിക്കാനും, കുടുംബങ്ങളിൽ സന്തോഷവും സമാധാനവും തിരികെ കൊണ്ടുവരാനും, ആരോഗ്യകരവും മൂല്യാധിഷ്ഠിതവുമായ സമൂഹം വാർത്തെടുക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഒ.എം.ഡി.എ സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ലഹരിവിരുദ്ധ സന്ദേശങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിവരുന്നതായും ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ അറിയിച്ചു.

ജൂലൈ മൂന്നിന് ‘ജീവധാര’എന്ന തലക്കെട്ടിൽ ഒ.എം.ഡി.എ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസികൾക്കിടയിൽ രക്തദാനപ്രോൽസാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന കാമ്പയിനിന്റെ അംബാസഡർ നാലു വയസ്സുകാരനായ എമിൻ ഐബക് ആണ്. ജൂലൈ മൂന്നിന് ബൗഷർ ബ്ലഡ് ബാങ്കിൽ നടക്കുന രക്തദാന ക്യാമ്പിൽ പ്രവാസികൾ സജീവമായി പങ്കുചേരണമെന്ന് ഒ.എം.ഡി.എ ഭാരവാഹികൾ അഭ്യർഥിച്ചു. ഗൾഫ് മാധ്യമം ക്യാമ്പിന്റെ മീഡിയ പാർട്ണറാവും.

Tags:    
News Summary - Oman Malappuram District Association launches anti-drug awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.