ബർക കടലിൽ നിന്ന് 400 കിലോഗ്രാം വലകൾ നീക്കി; കടലാമകൾ ഉൾപ്പെടെയുളള ജീവികൾ ചത്ത നിലയിൽ
മസ്കത്ത്: ബർകയിലെ ജബൽ അൽ സുവാദിക്ക് സമീപത്തെ കടലിൽ കുടുങ്ങിക്കിടന്ന 400 കിലോ ഗ്രാം മത്സ്യബന്ധന വലകളും കയറുകളും നീക്കം ചെയ്തു. വലകളിൽ കുടുങ്ങി കടലാമകൾ ഉൾപ്പെടെയുള്ള ജീവികൾ ചത്തതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി.
തെക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, സീ ഓഫ് ഒമാൻ ഡൈവിങ് ടീം, ബർക മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഒമാനി പൗരനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
13 മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ 26 പേർ ദൗത്യത്തിൽ പങ്കെടുത്തു. പരിശോധനയിൽ നിരവധി കടലാമകൾ, മത്സ്യങ്ങൾ മറ്റ് സമുദ്രജീവികളും വലയിൽ കുടുങ്ങിയതായി കണ്ടെത്തി. ഉപേക്ഷിക്കപ്പെടുന്നതോ നഷ്ടപ്പെടുന്നതോ ആയ മത്സ്യബന്ധന വലകൾ സമുദ്രജീവികൾക്ക് വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളും കടൽ ഉപയോഗിക്കുന്നവരും വലകളും മറ്റ് ഉപകരണങ്ങളും കടലിൽ ഉപേക്ഷിക്കരുതെന്ന് അതോറിറ്റി നിർദേശിച്ചു. നഷ്ടപ്പെട്ടതോ കടലിൽ കുടുങ്ങിക്കിടക്കുന്നതോ ആയ വലകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.