മസ്കത്ത്: റമദാൻ ആസന്നമായതോടെ വിലക്കയറ്റം തടയാൻ പരിശോധനകളുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.വില സ്ഥിരത, ന്യായമായ വ്യാപാര രീതികൾ, ഉപഭോക്തൃ അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിപണി നിരീക്ഷണ ശ്രമങ്ങൾ ശക്തമാക്കിയാതായി അധികൃതർ അറിയിച്ചു.ന്യായമായ വിലക്ക് അവശ്യവസ്തുക്കളുടെ ലഭ്യത നിലനിർത്തുന്നതിനും വിതരണക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് ദോഫാറിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടർ ജനറൽ തായി ബിൻ സലേം അൽ ജുനൈബി പറഞ്ഞു.
അന്യായമായ വിലവർധനവിലൂടെയോ വഞ്ചനാപരമായ നടപടികളിലൂടെയോ റമദാൻ ആവശ്യകതയെ ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമത്തിനും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.വിലനിർണയുവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ അതോറിറ്റിയുടെ 24/7 ഹോട്ട്ലൈനിലൂടെയും ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെയും അറയിക്കാവുന്നതാണെന്ന് അൽ ജുനൈബി പറഞ്ഞു. വിപണിയിൽ അവശ്യവസ്തുക്കളടെ ലഭ്യത ഉറപ്പാക്കാൻ അധികൃതർ നടപടിയും സ്വീകരിച്ചിട്ടുണ്ട്.പഴം,പച്ചക്കറികൾ പോലുള്ള അവശ്യവസ്തുക്കളുടെ ആവശ്യകതയിൽ കുത്തനെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും തയാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്ന് സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിലെ (സിലാൽ) ഓപറേഷൻസ് ഡയറക്ടർ ഉസ്മാൻ ബിൻ അലി അൽ ഹതലി പറഞ്ഞു.ഫെബ്രുവരി 10 മുതൽ 17 വരെ, മൊത്തം 236 ട്രക്കുകൾ 5,970 ടൺ ഇറക്കുമതി ചെയ്ത പഴങ്ങളും പച്ചക്കറികളും എത്തിച്ചു.
അതേസമയം 3,160 ഈ ലോജിസ്റ്റിക് ശ്രമങ്ങൾക്ക് പുറമേ, ആരോഗ്യത്തിനും സുരക്ഷക്കും മാർക്കറ്റ് മുന്തിയ പരിഗണന നൽകുന്നുണ്ട്. സിലാലിന്റെ ടീം ശുചിത്വ മാനദണ്ഡങ്ങൾ നിരന്തരം നിരീക്ഷിക്കുകയും റോയൽ ഒമാൻ പൊലീസ്, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇത് സ്ഥിരതയുള്ള വിപണി നിലനിർത്താൻ സഹായിക്കുന്നു.180ലധികം ഉൽപന്ന സാമ്പിളുകൾ ഇതിനകം സുരക്ഷക്കായി പരീക്ഷിച്ചു. ഇത് ഉപഭോക്താക്കൾക്ക് ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു.റമദാനിൽ വിപണി സ്ഥിരത നിലനിർത്തുന്നതിനായി, ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.സാധനങ്ങളുടെ വില നിരീക്ഷിക്കൽ, കാലഹരണപ്പെട്ട സാധനങ്ങൾ നിയന്ത്രിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനൽ ഓഫറുകൾ തടയുന്നതിന് മാർക്കറ്റ് സർവേകൾ നടത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.കൂടാതെ,താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണക്കുന്നതിനായി,സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സി.പി.എ. ‘റമദാൻ ബാസ്കറ്റ്’ സംരംഭം ആരംഭിച്ചു.
ഈ പുണ്യമാസത്തിൽ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാൻ സഹായിക്കുന്ന തരത്തിൽ ഭക്ഷണ കൊട്ടകൾ നൽകുന്നു.വിലക്കയറ്റം തടയുന്നതിനും എല്ലാവർക്കും ന്യായമായ വില ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.