സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ ദുകം വിമാനത്താവളത്തിൽ പരിശോധന നടത്തുന്നു
മസ്കത്ത്: ഒക്ടോബർ ഒന്നിന് വിമാനത്താവളങ്ങൾ തുറക്കുന്നതിെൻറ ഭാഗമായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിമാനത്താവളങ്ങളിലെ ആരോഗ്യ, സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്ന നടപടികളാണ് നടന്നുവരുന്നത്. ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കുക. ആദ്യഘട്ടത്തിൽ ഒാരോ ലക്ഷ്യസ്ഥാനത്തേക്കും രണ്ട് പ്രതിവാര സർവിസുകൾ വീതമായിരിക്കും ഉണ്ടാവുക. മറ്റു രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാനങ്ങൾക്കും സമാന രീതിയിൽ സർവിസ് നടത്താനാകും അനുമതിയുണ്ടാവുക. ഒമാനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഒമാൻ എയറും സലാം എയറും പങ്കുവെച്ചാകും നടത്തുക.
യാത്രക്കാരുടെ എണ്ണം കുറക്കുന്നതിനും അതുവഴി കോവിഡ് വ്യാപനത്തിനുള്ള സാധ്യത കുറക്കുന്നതിനുമുള്ള ഹ്രസ്വകാല നടപടിയാണിതെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു. നവംബർ ആദ്യ വാരത്തോടെ വിമാനത്താവളം പൂർണമായി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ അതോറിറ്റി വിവിധ വിമാനത്താവളങ്ങളിൽ പരിശോധന നടത്തിവരുകയാണ്. പ്രതിരോധ നടപടികൾ നടപ്പിൽവരുത്തി വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കാൻ പൂർണ സജ്ജമാണെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നത്. ഇതിെൻറ ഭാഗമായി ഞായറാഴ്ച ദുകം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ സംഘം പരിശോധന നടത്തി. ആരോഗ്യ, സുരക്ഷ പ്രോേട്ടാകോൾ എത്രമാത്രം നടപ്പാക്കാൻ സാധിക്കുമെന്നതിെൻറ പരിശോധനയാണ് നടന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പരിശോധനകൾ പൂർത്തിയായി വരുന്നതായും ഷെഡ്യൂൾഡ് വിമാന സർവിസുകൾ സംബന്ധിച്ച പ്രവർത്തന നിബന്ധനകൾ പുറത്തുവിടുമെന്നും അതോറിറ്റി അറിയിച്ചു. അതേസമയം, രണ്ട് പ്രതിവാര സർവിസുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുകയെന്നതിനാൽ ചാർേട്ടഡ് വിമാന സർവിസുകൾ തുടരാനാണ് സാധ്യതയെന്നാണ് അറിഞ്ഞതെന്ന് ട്രാവൽ ഏജൻസി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.