മസ്കത്ത്: ആഗോള വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചതോടെ രൂപക്കെതിരെ ഒമാനി റിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്ക്. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനങ്ങൾ ചൊവ്വാഴ്ച ഒരു ഒമാനി റിയാലിന് 247.50 രൂപവരെ നൽകി.
വിനിമയ നിരക്ക് വൈകാതെ തന്നെ 250 രൂപ എന്ന നാഴികക്കല്ലിലേക്ക് അടുക്കുമെന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക നേട്ടത്തിന് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നാട്ടിലേക്ക് പണമയക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് ഈ നിരക്ക് വർധനവ് വലിയ ആശ്വാസമാണ് നൽകുന്നത്.
സാധാരണക്കാരായ പ്രവാസികൾ തങ്ങളുടെ സമ്പാദ്യം നാട്ടിലേക്ക് അയക്കാൻ എക്സ്ചേഞ്ചുകളലെത്തിയതോടെ തിരക്കനുഭവപ്പെട്ടു. ഉയർന്ന തുകകൾ നാട്ടിലേക്ക് അയക്കുന്നവർക്ക് മുമ്പത്തേക്കാൾ വലിയ ലാഭമാണ് പുതിയ നിരക്കിലൂടെ ലഭിക്കുന്നത്. എന്നാൽ വിനിമയ നിരക്ക് ഉയർന്നു നിൽക്കുമ്പോഴും, ഗൾഫ് മേഖലയിൽ സ്കൂൾ വേനലവധി ആരംഭിക്കാനിരിക്കുന്നതിനാൽ വർധിച്ചുവരുന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഈ നേട്ടത്തിന്റെ സന്തോഷം പ്രവാസികളിൽ കുക്കുന്നുമുണ്ട്. എങ്കിലും രൂപയുടെ ഈ റെക്കോർഡ് തകർച്ച പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഒമാനിലെ പ്രവാസി മലയാളി കുടുംബങ്ങൾ.
ഒമാനി റിയാലിനെന്ന പോലെ മറ്റു ജി.സി.സി രാജ്യങ്ങളുടെ വിനിമയ നിരക്കിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. വിദേശ കറൻസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 95.55 എന്ന നിലയിലേക്ക് താഴ്ന്നു.
കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയാണ് രൂപ ഇപ്പോൾ മറികടന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ പരാജയപ്പെടുന്നു എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വ്യാപകമായതും ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും രൂപക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.