വൈദ്യുതി സബ്സിഡി ഒഴിവാക്കല്‍: ബാധിക്കുക 10,000 വന്‍കിട ഉപഭോക്താക്കളെ

മസ്കത്ത്: വന്‍കിടക്കാര്‍ക്കുള്ള വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നതിനുള്ള വൈദ്യുതി, ജല പൊതു അതോറിറ്റി തീരുമാനം ബാധിക്കുക പതിനായിരത്തോളം സര്‍ക്കാര്‍, വ്യവസായ, വാണിജ്യ ഉപഭോക്താക്കളെ. ഊര്‍ജമേഖലയിലെ സബ്സിഡി ഭാരം കുറക്കുന്നതിന് വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതിയുടെ നിര്‍മാണച്ചെലവ് പ്രതിഫലിപ്പിക്കുന്ന നിരക്ക് (കോസ്റ്റ് റിഫ്ളക്ടീവ് താരിഫ്) ഈടാക്കാനാണ് അതോറിറ്റി തീരുമാനിച്ചത്. സര്‍ക്കാറിന് ഇതുവഴി നൂറു ദശലക്ഷം റിയാലില്‍ അധികം ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. 
ജനുവരി ഒന്നുമുതലാണ് പ്രതിവര്‍ഷം 150ലധികം മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി എടുത്തുകളഞ്ഞത്. മൊത്തം ഉപഭോക്താക്കളുടെ ഒരു ശതമാനത്തില്‍ താഴെയാണ് ഇവരുടെ എണ്ണം. 
എന്നാല്‍, വിതരണം ചെയ്യുന്ന വൈദ്യുതിയില്‍ 30 ശതമാനത്തിലധികവും ഇവരാണ് ഉപയോഗിക്കുന്നത്. സബ്സിഡി തുകയുടെ 20 ശതമാനവും ഇവര്‍ക്കായാണ് വിനിയോഗിച്ചിരുന്നത്. പുതിയ നിരക്കിന്‍െറ പരിധിയില്‍ തങ്ങള്‍ പെടുമോയെന്നത് ഉപഭോക്താക്കള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. കമ്പനി വെബ്സൈറ്റില്‍ എത്തി വിവരങ്ങള്‍ നല്‍കിയാല്‍ പുതിയ നിരക്ക് ബാധകമാണോയെന്ന വിവരം അറിയാന്‍ കഴിയും. പരിധിയില്‍പെടുന്നവര്‍ക്ക് ഭാവിയിലെ ശരാശരി വൈദ്യുതി ബില്‍ കണക്കുകൂട്ടാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. 
സര്‍ക്കാര്‍ സബ്സിഡിയില്ലാതെ നിര്‍മാണ, വിതരണച്ചെലവ് പൂര്‍ണമായും വഹിക്കുകയാണ് കോസ്റ്റ് റിഫ്ളക്ടിവ് താരിഫ് കൊണ്ട് ലക്ഷ്യമിടുന്നത്. സബ്സിഡി ഭാരം കുറച്ച് ബജറ്റിന് ആശ്വാസം നല്‍കുന്നതിന് ഒപ്പം, വൈദ്യുതിമേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് നിരക്ക് വര്‍ധനകൊണ്ടുള്ള ലക്ഷ്യം. ഇതോടൊപ്പം, വൈദ്യുതി ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പ്രേരണയേകുകയും സര്‍ക്കാര്‍ ലക്ഷ്യമാണ്. ഉച്ചക്ക് ഒരുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള പീക്ക് സമയത്ത് ഉയര്‍ന്ന നിരക്കായിരിക്കും. 60 ബൈസ വരെ ഈ സമയങ്ങളില്‍ നിരക്ക് ഉയരും. 
ഓഫ് പീക്ക് സമയങ്ങളില്‍ 12 ബൈസ വരെയുള്ള നിരക്കുകളാകും ഈടാക്കുക. ഈ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ഓട്ടോമേറ്റഡ് മീറ്റര്‍ റീഡിങ് സൗകര്യത്തോടെയുള്ള ഡിജിറ്റല്‍ മീറ്ററുകള്‍ ലഭ്യമാക്കും. ഇവയില്‍ മണിക്കൂര്‍ കണക്കിനുള്ള വൈദ്യുതി ഉപഭോഗം അറിയാന്‍ കഴിയുമെന്നും മസ്കത്ത് ഇലക്ട്രിസിറ്റി കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.