ഒമാൻ ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു; മലയാളികൾക്ക് തിരിച്ചടി

മസ്‌കത്ത്: ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ഒമാൻ. വാണിജ്യ സമുച്ചയങ്ങളിലും ആശുപത്രികളിലും പ്രവർത്തിക്കുന്ന ഫാർമസികളിലെ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിവത്കരണം ആവശ്യപ്പെടുന്ന സർക്കുലർ (167/2025) ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ നിർദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റർ ഡയറക്ടർ ജനറൽ ഇബ്രാഹിം നാസർ അൽ റഷ്ദി ഒപ്പിട്ട സർക്കുലറിൽ പറയുന്നു. നിരവധി മലയാളികളെ ബാധിക്കുന്നതാണ് പുതിയ തീരുമാനം.

അതേസമയം, ഫാർമസി മേഖലയിലെ തൊഴിൽ അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒമാനി ബിരുദധാരികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് പ്രവാസികളെ മാറ്റിസ്ഥാപിക്കുക മാത്രമല്ല, ഒമാനി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. നന്നായി പരിശീലനം നേടിയവരും ഫാർമസി മേഖലയെ മുന്നോട്ട് നയിക്കാൻ കഴിവുള്ളവരുമായ ഒമാനികളുണ്ടെന്നും സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഒമാനി ഫാർമസിസ്റ്റ് ചൂണ്ടികാട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള ഫാർമസി ബിരുദധാരികളുടെ എണ്ണം വർധിച്ചുവരികയാണ്.

എന്നാൽ ബിരുദധാരികൾക്കിടയിലെ തൊഴിൽ നിരക്ക് വളരെ കുറവാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞ ശമ്പളമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലേക്ക് ഇത് നയിക്കുന്നു. ഒമാനികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒമാൻ വിഷൻ 2040ന്റെ ഭാഗമായാണ് ഈ സർക്കുലറെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Oman strengthens indigenization in pharmacy sectors; setback for Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.