മത്ര: മത്ര സൂഖിലെ ‘ലോക്ഡൗണ്‍’ നാലുമാസം പിന്നിടുന്നു. കഴിഞ്ഞ മാര്‍ച്ച് 18നാണ് കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി മത്ര സൂഖ് അടച്ചിടാനുള്ള സുപ്രീം കമ്മിറ്റി ഉത്തരവ് നിലവിൽ വന്നത്. അന്ന് ജോലിസ്ഥലത്ത് നിന്നും കടകളടച്ച് പോകുമ്പോള്‍ ഒന്നോ, രണ്ടോ ആഴ്ചക്ക് ശേഷം പഴയപടി കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നാണ് മത്രക്കാർ കണക്കു കൂട്ടിയിരുന്നത്. എന്നാൽ ഇൗ കാത്തിരിപ്പ് നാലുമാസം പിന്നിടുകയാണ്. കോവിഡിെൻറ പ്രഭവ കേന്ദ്രം എന്ന നിലയിൽ തുടക്കത്തില്‍ കൂടുതൽ കേസുകൾ മത്രയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മത്ര സൂഖ് അടച്ച് വൈകാതെ ഏപ്രിൽ ഒന്നുമുതൽ മത്ര വിലായത്തിൽ ഐെസാലേഷൻ നിലവിൽ വന്നു. ജൂൺ ആദ്യത്തിലാണ് മത്രയിലെ െഎസൊലേഷൻ നീക്കിയത്.
ജൂൺ അവസാനവും ജൂലൈയും ആയതോടെ മത്രയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ ദിവസങ്ങളിലും രണ്ടക്കത്തിലേക്ക് താഴ്ന്നു. രോഗപ്പകർച്ച കുറഞ്ഞതിൽ മത്ര നിവാസികൾ ആശ്വാസം കൊണ്ടു. താമസിയാതെ കടകൾ തുറക്കാനും ജോലികൾ പുനരാരംഭിക്കാനും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. ഏറ്റവും ഒടുവില്‍ ജൂലൈ അവസാനം വന്നണയുന്ന ബലി പെരുന്നാളിന് മുെമ്പങ്കിലും പ്രവര്‍ത്തനാനുമതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവിടുത്തെ കച്ചവടക്കാരും തൊഴിലാളികളും. നീണ്ട അടച്ചിടല്‍ മൂലം ദുരിതമനുഭവിക്കുകയാണ് മിക്കവരും. ചെലവിന് പോലും കാശില്ലാതെ നട്ടം തിരിയുന്ന അനവധിപേരാണ് ഉള്ളത്. കെട്ടിട വാടകയും വെള്ളം,വൈദ്യുതി കരമടക്കാനും പ്രയാസം നേരിടുകയാണ്.
കെട്ടിടം ഉടമകളില്‍ ചിലർ രണ്ടു മാസത്തെ വാടകയില്‍ ഇളവ് നല്‍കിയെങ്കിലും ബാക്കി വാടക ആവശ്യപ്പെടുന്നതായാണ് അറിയാന്‍ സാധിച്ചത്. മേല്‍ വാടകക്ക് കടകള്‍ നടത്തിപ്പിന് എടുത്തവരും അപ്രതീക്ഷിതമായി വന്നു പെട്ട പ്രതിസന്ധി മൂലം പ്രയാസങ്ങള്‍ നേരിടുകയാണ്. റെസിഡൻറ് കാലാവധി തീർന്നവരും കൂട്ടത്തിലുണ്ട്. കടയടച്ചിടൽ അനന്തമായി നീളാന്‍ തുടങ്ങിയതോടെ നല്ലൊരു ശതമാനം പേര് നാട്ടില്‍ പോയിട്ടുണ്ട്. ഇതുവഴി ഫ്ലാറ്റുകള്‍ ഷെയർ ചെയ്തു കഴിയുന്നവര്‍ക്ക് അധിക ബാധ്യതയും നേരിടേണ്ടി വന്നു. ചിട്ടിയും മറ്റും നടത്തി ബാധ്യതകളില്പെട്ടവര് അവശേഷിക്കുന്ന തുക എങ്ങനെ വസൂലാക്കും എന്നറിയാതെ പെട്ടു കിടക്കുകയാണ്. ഇയാഴ്ച അറിയിപ്പുണ്ടാകും, അടുത്ത അവസരം മത്രയെ പരിഗണിക്കും എന്നൊക്കെ കണക്ക് കൂട്ടി പിഴച്ചവരാണ് നാട്ടില്‍ പോകാതെ അവശേഷിക്കുന്നത്. ലോക്ഡൗണ്‍ നീണ്ടാല്‍ അവരൊക്കെ പട്ടിണിയിലേക്ക് എടുത്തെറിയപ്പെടാനാണ് സാധ്യത. ദിവസ വേതനക്കാരായ ചിലരൊക്കെ നാട്ടില്‍ നിന്നും പണം വരുത്തിയാണ് ദൈനം ദിന ചെലവുകള്‍ നിവര്‍ത്തിക്കുന്നത്.
തങ്ങളുടെ ജീവനക്കാര്‍ക്ക് ചില സ്ഥാപനങ്ങള്‍ ആപത്ഘട്ടത്തിലും തുണയായി വേതനം നല്‍കിവരുന്നുണ്ട്. മറ്റു ചിലർ പകുതി ശമ്പളം നല്കി കരുതലായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളെങ്ങനെ കഴിയുന്നു എന്ന് പോലും വിളിച്ച് അന്വേഷിക്കാത്തവര്‍ പോലുമുണ്ടെന്ന് പരാതി പറഞ്ഞവരെയും കാണാം. അടുത്തടുത്ത് കടകള്‍ സ്ഥിതി ചെയ്യുന്നതെന്ന കാരണത്താല്‍ സാമൂഹിക അകലം അസാധ്യമായതിനാലാകാം കേസുകള്‍ കുറഞ്ഞ അവസ്ഥയിലും മത്ര സൂഖിനുള്ള പ്രവര്‍ത്തനാനുമതി വൈകുന്നത് എന്നാണ് അനുമാനം.
അതേ സമയം ഒമാനിലെ രോഗ വ്യാപനതോത് സ്ഥിരമായി നാലക്കങ്ങളില്‍ തുടരുന്നതെന്നും അതില്‍ സ്വദേശി സമൂഹമാണ് അധികവും എന്ന് അറിയുമ്പോഴും മത്രയിലുള്ളവരുടെ നെഞ്ചിടിപ്പും കൂടുകയാണ്. സ്വദേശികളാണ് ഇവിടത്തെ ഉപഭോക്താക്കളിൽ വലിയ പങ്കും. നിരവധി ഉല്പന്നങ്ങളുടെ കാലാവധി തീരാനും ഇടയുണ്ട്. കമ്പനികൾ തിരിച്ചെടുക്കാത്ത അത്തരം ഉല്പന്നങ്ങള് കളയേണ്ടി വരുന്ന നഷ്ടങ്ങളും അനുബന്ധമായി ഉണ്ടാകും. ഏതായാലും അധികം വൈകാതെ സൂഖിനുള്ള പ്രവര്‍ത്തനാനുമതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മത്രയിലുള്ളവര് ദിവസങ്ങൾ തള്ളി നീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.