മസ്കത്ത്: കടലാമ മുട്ടകൾ സംരക്ഷിച്ച ശേഷം അവയെ സുരക്ഷിതമായി കടലിൽ വിടുന്ന കാമ്പ യിന് തുടക്കമായതായി പരിസ്ഥിതി-കാലാവസ്ഥ കാര്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ശർ ഖിയ ഗവർണറേറ്റിലെ റാസൽഹദ്ദിൽനിന്ന് മൂന്നു മാസത്തിനുള്ളിൽ 1.10 ലക്ഷം കടലാമക്കുഞ്ഞുങ്ങളെയാണ് കടലിൽ വിടുകയെന്ന് മന്ത്രാലയത്തിലെ ബോധവത്കരണ -മാധ്യമ വിഭാഗം മേധാവി ആസിം ബിൻ അലി ഹുമൈദ് അൽ അറൈമി പറഞ്ഞു. ഇൗ വർഷത്തെ കാമ്പയിന് സെപ്റ്റംബർ 22നാണ് തുടക്കമിട്ടത്. ഇതുവരെ 39,380 കടലാമക്കുഞ്ഞുങ്ങളുടെ സുരക്ഷിതത്വമാണ് ഉറപ്പാക്കിയത്. 2013ലാണ് ഇൗ കാമ്പയിൻ ആരംഭിച്ചത്. ആ വർഷം 64,095ഉം അടുത്ത വർഷം 59,183 ഉം 2017ൽ 60,468ഉം കഴിഞ്ഞ വർഷം 60,000ത്തിലധികവും കടലാമക്കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലിറക്കി.
സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിലും കടലാമ മുട്ടകൾ സംരക്ഷിക്കുന്നതിലും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിലും സ്വദേശി സമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിന് തുടക്കമിട്ടതെന്ന് ഹുമൈദ് അൽ അറൈമി പറഞ്ഞു. സ്കൂൾ വിദ്യാർഥികളും സിവിൽ-വളൻറിയർ സംഘങ്ങളും സന്നദ്ധ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരും കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. യുവാക്കളിൽ പരിസ്ഥിതി സംരക്ഷണത്തിെൻറ പാഠങ്ങൾ പകർന്നുനൽകാൻ ഇതുവഴി സാധിച്ചു. റാസൽഹദ്ദ് തീരം കടലാമകൾ മുട്ടയിടാൻ കൂടുതലായി എത്തുന്ന പ്രദേശമാണ്. തീരങ്ങളിൽ സ്ഥാപിക്കുന്ന ശക്തിയേറിയ ലൈറ്റുകൾ കടലാമകൾക്ക് പ്രധാന ഭീഷണിയാണ്. മത്സ്യബന്ധന വലകളും മറ്റ് ഉപകരണങ്ങൾക്കുമൊപ്പം മുട്ട തിന്നാൻ വരുന്ന പക്ഷികളടക്കമുള്ളവയും കടലാമകളുടെ പ്രജനനത്തിന് ഭീഷണിയാണ്. ഇൗ ഭീഷണികളിൽനിന്നുള്ള സംരക്ഷണമാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്നും ഹുമൈദ് അൽ അറൈമി പറഞ്ഞു. ഇതിന് സർക്കാർ-സ്വകാര്യ ഏജൻസികളുമായും സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.